ബി.എസ്.സി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 11,828 പേരില്‍ 7470 പേരും തോറ്റു. ബികോമിന് 12,367ല്‍ 7699 വിദ്യാര്‍ഥികളും തോറ്റപ്പോള് ബി.എയ്‌ക്ക് 32 ശതമാനം മാത്രമാണ് വിജയം. ഹൃദയകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ ശേഷമുള്ള ആദ്യ ബാച്ചിലാണ് കൂട്ടത്തോല്‍വി. ഉന്നത പഠനത്തിനുള്ള പ്രവേശന പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ പോലും ബിരുദത്തിന് തോറ്റു പോയ സ്ഥിതിയെന്നാണ് വിമര്‍ശനം. ഗ്രേഡിനൊപ്പം മാര്‍ക്കും പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നൊരുക്കമോ വ്യക്തതയോ ഇല്ലാതെ നടപ്പാക്കിയതാണ് കാരണമെന്നാണ് ആരോപണം. ഇതനുസരിച്ച് മിനിമം 40 ശതമാനം മാര്‍ക്ക് കിട്ടുന്നവരെ വിജയിക്കൂ.

ഈ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപ്പു രീതി പുനഃപരിശോധിക്കാന്‍ പുതിയ സിന്‍ഡിക്കറ്റ് ആലോചിക്കുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതി അധ്യാപകരും അനധ്യാപകരുടെയും അഭിപ്രായം കേള്‍ക്കും. ഇതിന് ശേഷം ഉപസമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പ്രത്യേക സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ച ചെയ്യും. കൂട്ടത്തോല്‍വിക്കൊപ്പം എം.ജിയില്‍ ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനവും വൈകി. ഇതോടെ ഉന്നത പഠനത്തിനായി മറ്റ് സര്‍വകലാശാലകളില്‍ അപേക്ഷ നല്‍കാനുമായില്ല. സിലബസ് പരിഷ്കരണത്തെച്ചൊല്ലി ഭരണാനുകൂലികളും പ്രതിപക്ഷവും ചേരി തിരിഞ്ഞതിനിടെയാണ് കൂട്ടത്തോല്‍വിയും എം.ജിയില്‍ വിവാദ വിഷയമാകുന്നത്.