കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇനി സൗജന്യ നിരക്കില്‍ വൈദ്യുതിയും. ആനുകൂല്യങ്ങള്‍ ലഭിക്കാത്ത എല്ലാ ദുരിതബാധിതര്‍ക്കും സഹായധനവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനും എന്‍ഡോസള്‍ഫാന്‍ സെല്ല് യോഗത്തില്‍ തീരുമാനം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ജില്ലയിലെ മുന്‍ എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി വിപൂലീകരിച്ച സെല്ലിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള കെ.എസ്.ഇ.ബി തീരുമാനത്തെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ സ്വാഗതം ചെയ്തു. മുഴുവന്‍ ദുരിതബാധിതര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള സഹായധനം 922 ദുരിതബാധിതര്‍ക്കാണ് ഇനിയും കിട്ടാനുള്ളത്. രേഖകള്‍ ഹാജരാക്കുന്ന മുറക്ക് സഹായധനം വിതരണം ചെയ്യും. നബാര്‍ഡ് പദ്ധതി പ്രകാരമുള്ള കെട്ടിടങ്ങളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിന് സമയം നീട്ടി നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് മേല്‍ ബാങ്കുകള്‍ ജപ്തി നടപടികള്‍ എടുക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.
