യുഎഇ ലോട്ടറിയിലെ ജനപ്രിയ ഗെയിമായ 'ലക്കി ഡേ' ഇനി മുതൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ നടക്കും. സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം

അബുദാബി: യുഎഇ ലോട്ടറിയിലെ ജനപ്രിയ ഗെയിമായ 'ലക്കി ഡേ' ഇനി മുതൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ നടക്കും. സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. നിലവിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം നടന്നിരുന്ന നറുക്കെടുപ്പ് ഇനി മുതൽ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും നടക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ ലോട്ടറി ആരംഭിച്ചതുമുതൽ ഇതുവരെ 175 മില്യൺ ദിർഹത്തിലധികം തുക സമ്മാനമായി വിതരണം ചെയ്തിട്ടുണ്ട്. പുതിയ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ കൂടുതൽ വിജയികളെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

പുതിയ പരിഷ്കാരം അനുസരിച്ച് 30 മില്യൺ ദിർഹത്തിന്‍റെ ഒന്നാം സമ്മാനവും (ഗ്രാൻഡ് പ്രൈസ്), 5 മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനവും നേടാൻ ആഴ്ചയിൽ രണ്ട് തവണ കളിക്കാർക്ക് അവസരം ലഭിക്കും. ഇതിനുപുറമെ, ഓരോ നറുക്കെടുപ്പിലും 50,000 ദിർഹം വീതം ലഭിക്കുന്ന മൂന്ന് ഉറപ്പായ വിജയികളെയും തിരഞ്ഞെടുക്കും. ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ 50 ദിർഹമായി തന്നെ തുടരും. കളിക്കാർക്ക് ടിക്കറ്റ് വാങ്ങാനുള്ള സമയത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്. മുമ്പ് രാത്രി 7 മണിക്ക് ടിക്കറ്റ് വിൽപ്പന അവസാനിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 8 മണി വരെ ടിക്കറ്റുകൾ ലഭ്യമാകും. രാത്രി 9:30-നാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്.

ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) പൂർണ്ണമായ അംഗീകാരത്തോടും മേൽനോട്ടത്തോടും കൂടിയാണ് ലോട്ടറി പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് നറുക്കെടുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നു. ലോട്ടറിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ലക്കി ഡേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. കൂടുതൽ ആവേശവും വലിയ സമ്മാനത്തുകകളും വാഗ്ദാനം ചെയ്യുന്ന ഈ പുതിയ മാറ്റം യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ഭാഗ്യാന്വേഷികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.