ആശുപത്രിയില്‍ അതീവഗൂരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ നഗരവും പരിസരവും കനത്ത സുരക്ഷയില്‍.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളുടെയും യന്ത്രങ്ങളുടെയും പിന്തുണയോടെ കരുണാനിധിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കരുണാനിധിയിപ്പോള്‍. 

പനിയും അണുബാധയും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കരുണാനിധിയെ വെള്ളിയാഴ്ച്ച രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നെങ്കിലും രക്തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞതോടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. മക്കളും ചെറുമക്കളുമടക്കമുള്ള അടുത്ത ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിലുണ്ട്. 

കാവേരി ആശുപത്രി പരിസരം ഡിഎംകെ നേതാക്കളെയും അണികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചെന്നൈ നഗരത്തിലും പരിസരങ്ങളിലും പൊലിസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി സേലത്ത് മുന്‍കൂട്ടി നിശ്ചിയിച്ചിരുന്ന പരിപാടികള്‍ റദാക്കി ചെന്നൈയിലേക്ക് തിരിച്ചു.