ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസുകൾ മുടങ്ങി. 

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസുകൾ മുടങ്ങി. എറണാകുളത്ത് സിറ്റി സർവീസാണ് പ്രധാനമായും മുടങ്ങിയത്. 

എറണാകുളത്ത് 38 സർവീസ് മാത്രമേ രാവിലെ 8 മണി വരെ നടന്നിട്ടുള്ളൂ. 36 സർവീസ് മുടങ്ങി. തിരു-കൊച്ചി സർവീസ് 11 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ. പെരുമ്പാവൂരിൽ 17 ഉം പറവൂരിൽ 10 ഉം സർവീസുകൾ മുടങ്ങി. വയനാട്ടിൽ ആകെയുള്ള 238 സർവീസുകളില്‍ 103 സർവീസുകൾ മുടങ്ങി. 

ഉച്ചക്ക് ശേഷം കൂടുതൽ സർവിസുകൾ മുടങ്ങുമെന്നാണ് വിവരം. ഇത് യാത്രാദുരിതം രൂക്ഷമാക്കും. ആലുവയിൽ 35 സർവീസുകളാണ് മുടങ്ങിയത്. മലബാർ മേഖലയിൽ ഇതുവരെ 7 സർവ്വീസുകൾ മാത്രമാണ് റദ്ദാക്കിയതെന്ന് സോണൽ മാനേജർ അറിയിച്ചു. 

കോതമംഗലം, അങ്കമാലി ഡിപ്പോകളില്‍ 16 സർവീസ് മുടങ്ങി. പാലക്കാട് ജില്ലയിൽ ഇന്ന് ഒരു സർവീസ് മാത്രമാണ് റദ്ദാക്കിയത്. ആലപ്പുഴ ജില്ലയിൽ ഇന്ന് 42 ഷെഡ്യൂളുകൾ മുടങ്ങി. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് ഗതാഗത മന്ത്രി തിരുവനന്തപുരത്ത് യൂണിറ്റ് ചീഫുമാരുടെ യോഗം വിളിച്ചു.