പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി എൻഡിഎയുടെ ഉപരാഷ്‍ട്രപതി സ്ഥാനാര്‍ത്ഥി എം വെങ്കയ്യ നായിഡു. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ ജയത്തെക്കുറിച്ച് പാക്കിസ്ഥാൻ ഓർക്കുന്നത് നല്ലതാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ദില്ലിയിൽ കാര്‍ഗിൽ അനുസ്മരണ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം നയമായി കൊണ്ടുനടക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. മതമില്ലാത്ത ഭീകരതയെ മതവുമായി കൂട്ടിക്കലര്‍ത്തുകയാണ് പാകിസ്ഥാൻ. പ്രകോപനം തുടര്‍ന്നാൽ ശക്തമായി തിരിച്ചടിക്കാൻ കഴിവുള്ളവരാണ് ഇന്ത്യൻ സൈനികരെന്നും വെങ്കയ്യ നായിഡു പറഞ്ഞു.