തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ലെന്ന് സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സെന്റ്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. അറസ്റ്റിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും വിന്‍സെന്റ് ആരോപിച്ചു. ഇത്തരം കേസുകളില്‍ രാജിവച്ച ചരിത്രമില്ലെന്നും വിന്‍സെന്റ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം വിന്‍സെന്റിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

അതേസമയം എംഎല്‍എ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കൂടിയാലോചനയിലും തീരുമാനം. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാനും വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ടു
സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ കൂടിയാലോചനയിലും രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമാണുണ്ടായത്.

തിടുക്കപ്പെട്ട അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമെന്ന വാദം ഉയര്‍ത്തി രാജി ആവശ്യത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധിക്കുന്നത്. എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ എന്തു കൊണ്ട് അറസ്റ്റുണ്ടായില്ലെന്ന ചോദ്യമാണ് നേതാക്കള്‍ ഉന്നയിക്കുന്നത്. നിയമപരമായും രാഷ്ട്രീയമായും അറസ്റ്റിനെ നേരിടാനാണ് തീരുമാനം