കാസര്‍കോട്: കാസര്‍കോട്ടെ മദ്രസ അധ്യാപകന്‍റെ കൊലപാതകത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി എ.ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാസര്‍കോഡ് എത്തി അന്വേഷണം തുടങ്ങി.കൊലപാതകത്തിനു പിന്നിലെ പ്രധാന കാരണം വ്യക്തി വിരോധമാണെന്ന നിഗമനത്തിലാണ് പൊലീസ്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി എ.ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ മാനന്തവാടി ജോയിന്‍റ് എസ്.പി ജയദേവ്ജി,മലപ്പുറം ഡി.വൈ.എസ്.പി.എം.പി മോഹനചന്ദ്രൻ,തളിപ്പറമ്പ് സി.ഐ.പി.കെ.സുധാകരൻ എന്നിവരാണ് ഉള്ളത്.രാവിലെ തന്നെ കാസര്‍കോ‍ഡെത്തിയ സംഘം എ.ആര്‍ ക്യാമ്പ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.റിയാസിനോടുള്ള വ്യക്തി വിരോധം തന്നെയായിരിക്കും കൊലപാതകത്തിന് മുഖ്യകാരണമെന്നാണ് ലോക്കല്‍പൊലീസില്‍ നിന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടുള്ള പ്രാഥമിക വിവരം.

റോഡില്‍ നിന്നും അഞ്ഞൂറുമീറ്ററോളം അകലെയുള്ള മതിലും ഗേറ്റുമൊക്കയുള്ള പള്ളിയുടെ പരിധിയില്‍ അകത്തെമുറിയില്‍ കിടന്നുറങ്ങിയിരുന്ന റിയാസിനെ അക്രമികള്‍ ലക്ഷ്യം വച്ചത് പെട്ടന്നുണ്ടായ പ്രകോപനത്തിലാക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.

തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന അബ്ദുള്‍ അസീസ് എന്നായാല്‍ ബഹളം കേട്ട് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോള്‍ അക്രമിസംഘത്തിലെ ഒരാള്‍ കല്ലെറിഞ്ഞ് ഭയപെടുത്തി പിൻമാറ്റിയതും പൊലീസിന്‍റെ സംശയത്തിന് ആക്കം കൂട്ടുന്നു.പെട്ടെന്ന് തീരുമാനിച്ച് അക്രമിക്കാൻ കഴിയാത്തതരത്തിലാണ് റിയാസിന്‍റെ താമസസ്ഥലമെന്നതിനാല്‍ കൊലപാതകത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നു.

സമീപകാലത്ത് പരിസരങ്ങളിലും മറ്റും പല കാര്യങ്ങള്‍ക്കായി എത്തിയവരടക്കം പലരേയും ഇതിനകം തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.വ്യക്തമായ ചില സൂചനകള്‍ ഇതിനകം തന്നെ പൊലീസിന് കിട്ടിയിട്ടുമുണ്ട്.

റോഡരുകിലെ സി.സി.ടിവി ക്യാമറകളും മൊബൈല്‍ ടവര്‍ പരിശോധനയും ഐ.ടി വിഭാഗം പരിശോധിച്ചുവരുന്നുണ്ട്.രണ്ട് ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ കണ്ടെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.