പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി. ഹര്‍ത്താല്‍. മണ്ണാര്‍കാട് താലൂക്കില്‍ യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം നല്‍കി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ അക്രമിച്ചത്. പോലീസിലേല്‍പ്പിച്ച യുവാവ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.
മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തി മധുവിന്റെ വീട്ടുകാരെ സന്ദര്‍ശിക്കും. അതേ സമയം മധുവിനെ മര്‍ദ്ദിച്ച കേസില്‍ കൂടുതല്‍ പേര്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ടെന്ന് സ്ഥിതീകരണമില്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് പേര്‍ ഇന്നലെ ശ്രീകൃഷ്ണപുരം പോലീസില്‍ കീഴടങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
രണ്ട് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഒരാളെ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പോലീസ് വിട്ടയച്ചു. കീഴടങ്ങിയ മറ്റുള്ളവരെ ഇന്ന് അഗളി പോലീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കളും കടുകുമണ്ണ ഊരുവാസികളും.
