ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകര്‍ നടത്തുന്ന പ്രകോഷഭത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഭോപ്പാലിലെ ദസറ മൈതാനത്ത് ശിവരാജ് ചൗഹാന്‍ നിരാഹാര സമരം ആറംഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം കര്‍ഷകരുമായി സംസാരിച്ചതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
മന്‍സോറില്‍ ഉണ്ടായ അക്രമസംഭവങ്ങളും കര്‍ഷകര്‍ക്കെതിരെ നടന്ന വെടിവയ്പ്പും വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്റെ ജീവിതംജനങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ ജീവിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍പോലും തയാറാണ് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തോട് സംസാരിച്ച ശേഷം ശിവരാജ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ സമാധാനം പുനഃസ്ഥാപിക്കുംവരെയായിരുന്നു മുഖ്യമന്ത്രി ചൗഹാന്‍ നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. മധ്യപ്രദേശിലെ കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ മന്‍സോറില്‍ സ്ഥിതി ഏറെക്കുറെ ശാന്തമായിട്ടുണ്ട്. ആറാം തീയതി പൊലീസ് വെടിവയ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു മേഖലയില്‍ വലിയ അക്രമം ആരംഭിച്ചത്. കര്‍ഷകരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സംസ്ഥാന മുഖ്യമന്ത്രി സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ നിരാഹാരസമരം ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
