സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹജജി നല്‍കിയത്. ജയലളിത ആശുപത്രിയിലായി പന്ത്രണ്ട് ദിവസം പിന്നിടുമ്പോഴും ആരോഗ്യനിലയെക്കുറിച്ചോ അസുഖത്തെക്കുറിച്ചോ കൃത്യമായ വിവരം സര്‍ക്കാരോ ആശുപത്രി അധികൃതരോ പുറത്തുവിടുന്നില്ലെന്ന് രാമസ്വാമി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഒരു രോഗിയുടെ അസുഖവിവരം തേടി എന്തിനാണ് കോടതിയെ സമീപിയ്ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഈ ഹര്‍ജിയില്‍ പൊതുതാത്പര്യം സംബന്ധിച്ചുള്ള ഒന്നുമില്ലെന്നും, പ്രശസ്തിയ്ക്ക് വേണ്ടി നല്‍കുന്ന ഇത്തരം ഹര്‍ജികള്‍ പരിഗണിയ്ക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
നേരത്തേ ഈ കേസ് പരിഗണിച്ചത് മദ്രാസ് ഹൈക്കോടതിയിലെ തന്നെ മറ്റൊരു ഡിവിഷന്‍ ബെഞ്ചായിരുന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് കേസില്‍ വാദം കേള്‍ക്കേണ്ടതില്ല എന്ന നിലപാടെടുക്കുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി ജയലളിത ഇപ്പോഴും ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തുടരുകയാണ്. ജയലളിതയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിയ്ക്കാന്‍ ദില്ലി എയിംസ് ആശുപത്രിയിലെ മൂന്ന് വിദഗ്ധര്‍ ഇന്നലെ രാത്രി ചെന്നൈയിലെത്തി. പള്‍മനറി മെഡിസിന്‍ വിഭാഗത്തിലെ തലവന്‍ ഡോ. ജി സി ഖില്‍നാനി, അനസ്തീഷ്യോളജിസ്റ്റ് ഡോ. അന്‍ജാന്‍ ത്രിഖ, കാര്‍ഡിയോളജിസ്റ്റ് ഡോ. നിതീഷ് നായ്ക് എന്നിവരാണ് അപ്പോളോയിലെത്തിയത്. മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ഉള്‍പ്പടെയുള്ളവരെ ചികിത്സിച്ച ഡോക്ടറാണ് ജി സി ഖില്‍നാനി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേഴ്‌സണല്‍ ഡോക്ടറായിരുന്നു ഡോ. നിതീഷ് നായ്ക്. ചികിത്സയുടെ മേല്‍നോട്ടത്തിനായി ഇവര്‍ കുറച്ച് ദിവസം ചെന്നൈയില്‍ തുടരും. ജയലളിതയുടെ തോഴി ശശികല, രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണന്‍, ധനമന്ത്രി പനീര്‍ ശെല്‍വം തുടങ്ങിയവര്‍ ആശുപത്രിയില്‍ ജയലളിതയ്‌ക്കൊപ്പമുണ്ട്.
