ചെന്നൈ: തമിഴ്നാട് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ ഹർജിയിൽ സ്പീക്കർ പി ധനപാലിനും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ഡിഎംകെ പ്രവർത്തനാദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ നൽകിയ ഹർജിയിൽ പ്രതിപക്ഷത്തെ മുഴുവൻ ബലം പ്രയോഗിച്ച് പുറത്താക്കിയാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയതെന്നായിരുന്നു പ്രധാന ആരോപണം.
ഇതിന് വീഡിയോ ദൃശ്യങ്ങൾ തെളിവായി കാണിയ്ക്കാൻ സ്റ്റാലിന് കോടതി അനുമതി നൽകിയിരുന്നു. ഔദ്യോഗിക ചാനൽ നൽകിയ ദൃശ്യങ്ങൾ മാത്രമാണുള്ളതെന്നും മുഴുവൻ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും സ്റ്റാലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്നാണ് ദൃശ്യങ്ങളിൽ വിശദീകരണം തേടി സ്പീക്കർക്കും മുഖ്യമന്ത്രിയ്ക്കും ഹൈക്കോടതി നോട്ടീസയച്ചത്. ഹർജി ഇനി മാർച്ച് പത്തിന് പരിഗണിയ്ക്കും.
