തിരുവനന്തപുരം: ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക പ്രതികാര കാമ്പയിന്‍ നടക്കുന്നുണ്ട്. 'മഹാബലി ഡാ' എന്ന ഹാഷ് ടാഗില്‍ നടക്കുന്ന കാംപയിന്റെ വിഷയം കേരളവും ഓണവും മഹാബലിയും വാമനജയന്തിയും എല്ലാം അടങ്ങുന്നതാണ്. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും സംഗതി സീരിയസാണ്.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവും തുടര്‍ന്ന് കേരളത്തില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യം ഉയര്‍ന്നതും നമ്മള്‍ മറന്നു കാണില്ല. തുടര്‍ന്ന് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ കേരള നമ്പര്‍ വണ്‍ കാംപയിനും സര്‍ക്കാറിന്റെ പരസ്യത്തിനുമെല്ലാം ശേഷം മലയാളത്തിന്റെ സ്വന്തം ആഘോഷത്തിന് സോഷ്യല്‍ മീഡിയ പുതിയൊരു മാനം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
കഴിഞ്ഞ വര്‍ഷം വാമനജയന്തി ആഘോഷിക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. കേരളത്തില്‍ ഓണത്തിന് മഹാബലിയെ ആഘോഷിക്കണോ, അതോ വാമന ജയന്തി ആഘോഷിക്കണോ എന്നതടക്കമുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ വര്‍ഷം ആരും ഇത്തരത്തില്‍ പറഞ്ഞില്ലെങ്കിലും ഒന്നും മറക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറായിട്ടില്ല.
മഹാബലി ഡാ എന്ന ഹാഷ് ടാഗില്‍ ട്രോളുകളും കുറിപ്പുകളും ഒക്കെയായി ഫേസ്ബുക്കും ട്വിറ്ററുമെല്ലാം സമ്പന്നമായിരിക്കുകയാണിപ്പോള്‍. വികസന സൂചികകളില്‍ കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതും മഹാബലിക്ക് തന്നെയാണ് ഓണാഘോഷത്തില്‍ പ്രാധാന്യമെന്ന് പറയുന്നതുമായ നിരവധി പോസറ്റുകളാണ് എത്തുന്നത്.
പോസ്റ്റുകള്‍ കാണാം
