മുംബൈ: മഹാരാഷ്ടയിലെ മഹാഡിൽ പാലം തകർന്നുണ്ടായ ദുരന്തസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫിയെടുത്തുവെന്ന ആരോപണം നിഷേധിച്ച് മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി പ്രകാശ് മേത്ത രംഗത്തത്തി. മന്ത്രിയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്നാണ് മന്ത്രി ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ദുരന്തസ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് പ്രകാശ് മേത്ത സെല്‍ഫി എടുത്തത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ താന്‍ മുഖ്യമന്ത്രിയുടെ ചിത്രമാണ് എടുത്തതെന്നാണ് പ്രകാശ് മേത്തയുടെ വിശദീകരണം.

അതേസമയം പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്നാം ദിവസവും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 42 പേരെ അപകടത്തില്‍ കാണാതായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

കാണാതായ പല മൃതദേഹങ്ങളും 150 കിലോമീറ്റര്‍ അകലെ കടല്‍ തീരത്ത് അടിയുകയായിരുന്നു. രണ്ട് ബസും കാറുകളും ഉള്‍പ്പെടെ ആറ് വാഹനങ്ങളാണ് പാലം തകര്‍ന്ന് സാവിത്രി നദിയിലെ കുത്തൊഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പെട്ട വാഹനങ്ങളുടെ ഭാഗങ്ങളും തിരച്ചിലിനിടെ കണ്ടെത്തിയിരുന്നു.