അതേ സമയം തന്നെയാണ് കേരളം 1924 ല്‍ നേരിട്ട പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ മഹാത്മാവിന്‍റെ സംഭാവന അറിയേണ്ടത്. അന്ന് ജനങ്ങളില്‍ നിന്നും പണം പിരിച്ച് കേരളത്തിലെ പ്രളയത്തില്‍ സഹായം എത്തിച്ചത് മഹാത്മഗാന്ധിയായിരുന്നു.

തിരുവനന്തപുരം: പുതിയ കേരള നിര്‍മ്മാണത്തിനായി ജനങ്ങളില്‍ നിന്നും അവരുടെ ഒരു മാസത്തെ വേതനം ആവശ്യപ്പെടുകയാണ് കേരള സര്‍ക്കാര്‍. അതിന് സഹായിക്കാന്‍ തയ്യാറായി സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നും വലിയ പ്രതികരണവും ഉണ്ടാകുന്നുണ്ട്. ഇതേ സമയം തന്നെയാണ് കേരളം 1924 ല്‍ നേരിട്ട പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ മഹാത്മാവിന്‍റെ സംഭാവന അറിയേണ്ടത്. അന്ന് ജനങ്ങളില്‍ നിന്നും പണം പിരിച്ച് കേരളത്തിലെ പ്രളയത്തില്‍ സഹായം എത്തിച്ചത് മഹാത്മഗാന്ധിയായിരുന്നു. 7000 രൂപയ്ക്ക് അടുത്താണ് മഹാത്മ ഗാന്ധി അന്ന് കേരളത്തിനായി സ്വരൂപിച്ച് നല്‍കിയത്. 

പിടിഐ വാര്‍ത്ത ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിടുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ച് 1924 ല്‍ മരിച്ചത് 370 ജീവനുകളാണ്. ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇന്ന് കണ്ടതുപോലെ വിവിധ സംവിധാനങ്ങളിലൂടെ പണ സമാഹരണം നടന്നു. തന്‍റെ പത്രമായ യംഗ് ഇന്ത്യ, നവജീവന്‍ എന്നിവ വഴി പണം സമാഹരിക്കാന്‍ മഹാത്മഗാന്ധി അപേക്ഷിച്ചു.

കുട്ടികളും, സ്ത്രീകളും ഗാന്ധിജിയുടെ വാക്കുകള്‍ കേട്ടു എന്നതിന്‍റെ തെളിവ് ഗാന്ധിജിയുടെ തന്നെ വാക്കുകളാണ്. ആഭാരണങ്ങളും പണവും തന്‍റെ വാക്കുകള്‍ കേട്ട് സ്ത്രീകളും കുട്ടികളും വലിയ തോതിലുള്ള സഹായമായി നല്‍കുന്നുണ്ടെന്ന് മലബാറിലെ ചിന്തയ്ക്ക് അപ്പുറത്തുള്ള ദുരിതം എന്ന ലേഖനത്തില്‍ ഗാന്ധിജി തന്നെ പറയുന്നു. ഒരു പെണ്‍കുട്ടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മൂന്ന് പൈസ മോഷ്ടിച്ച സംഭവം വരെ ഉണ്ടായതായി ഗാന്ധി ഉദ്ധരിക്കുന്നുണ്ട്. ഞാന്‍ ജനങ്ങളോട് സംഭവന ചെയ്യണം എന്നെ പറഞ്ഞുള്ളു, ജനങ്ങള്‍ അത് തങ്ങളുടെ കടമയായി എടുത്തു ഗാന്ധി പറയുന്നു. 

ഒരു സഹോദരി അവരുടെ നാല് വളകളും, ഒരു മാലയുമാണ് നല്‍കിയത്. ഒരു പെണ്‍കുട്ടി തന്‍റെ സ്വര്‍ണ്ണ പാദസരവും, ആ കൂട്ടിയുടെ അനിയത്തി വെള്ളിപാദസരവും സംഭാവനയായി നല്‍കി. ഇത് തെളിയിക്കുന്നത് ഇത്രയുമാണ്, ദൈവത്തിന്‍റെ കൃപയാല്‍ മനസിലെ കാരുണ്യം നമ്മുടെ ജനത്തില്‍ അവശേഷിക്കുന്നു, ഗാന്ധിജി 1924 ആഗസ്റ്റില്‍ നവജീവനില്‍ എഴുതി.

7000 രൂപയ്ക്ക് അടുത്താണ് ഗാന്ധിജി അന്ന് സ്വരൂപിച്ചത്. ഇന്നത്തെ വിലയില്‍ കോടികള്‍ മതിപ്പ് വരുന്നതാണ് ഈ തുക. 99ലെ വെള്ളപ്പൊക്കം എന്ന് അറിയപ്പെടുന്ന 1924 ലെ വെള്ളപ്പോക്കത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് തിരുവിതാംകൂര്‍, കൊച്ചി, മലബാറിലെ ബ്രിട്ടീഷ് ഭരണകൂടം എന്നിവര്‍ക്ക് ഈ തുക കൈമാറി എന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെപോലെ തന്നെ മുല്ലപ്പെരിയാര്‍ തുറന്നുവിട്ടത് അന്നെത്തെ പ്രളയത്തിനും കാരണമായി എന്നാണ് റിപ്പോര്‍ട്ട്.