ഇന്‍സ്പെക്ടറുടെ കൊലപാതകത്തിലും കലാപത്തിലും തനിക്ക് പങ്കില്ലെന്ന് ഇയാള്‍ പറയുന്ന വീഡിയോ ക്ലിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. 

ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ബജ്രറംഗ്ദള്‍ നേതാവായ യോഗേഷ് രാജാണ് പൊലീസ് പിടിയിലായത്. പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ കൊലപ്പെട്ടത്. വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ ശരീരം കണ്ടെത്തിയത്.

സുബോധ് കുമാര്‍ സിംഗിന്‍റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്ന യോഗേഷ് രാജിനെ കലാപത്തിന് ആഹ്വാനം ചെയ്ത കേസ് ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്പെക്ടറുടെ കൊലപാതകത്തിലും കലാപത്തിലും തനിക്ക് പങ്കില്ലെന്ന് ഇയാള്‍ പറയുന്ന വീഡിയോ ക്ലിപ്പ് നേരത്തെ പുറത്തു വന്നിരുന്നു.