മലന്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുക്കുന്നതോടയാണ് ഷട്ടറുകൾ തുറക്കുന്നത്. 114 മീറ്റർ പിന്നിട്ടതോടെ, മൂന്നുതവണ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
മലമ്പുഴ: ജലനിരപ്പ് ഉയർന്നതോടെ മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് 12 മണിയോടെ തുറക്കും. പോത്തുണ്ടി ഡാമിനൊപ്പം മലമ്പുഴ അണക്കെട്ടുകൂടി തുറക്കുന്നതോടെ ഭാരതപ്പുഴയിൽ ഉൾപ്പെടെ ജലനിരപ്പ് വൻതോതിൽ ഉയരും. തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
മലന്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 115 മീറ്ററിലേക്ക് ജലനിരപ്പ് അടുക്കുന്നതോടയാണ് ഷട്ടറുകൾ തുറക്കുന്നത്. 114 മീറ്റർ പിന്നിട്ടതോടെ, മൂന്നുതവണ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിലാവാൻ സാധ്യതയുളളതിനാൽ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ്, പൊലീസ്,റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദുരന്തനിവാരണ സേനയുടെ തൃശ്ശൂർ യുണിറ്റിലുളള ഉദ്യോഗസ്ഥർ മലമ്പുഴ അണക്കെട്ടും പരിസരവും പരിശോധിച്ചു.
നാലുവർഷത്തിന് ശേഷമാണ് മഴക്കാലത്ത് മലമ്പുഴ ഡാം തുറക്കുന്നത്. കൽപ്പാത്തി പുഴയിലും കൈവഴികളിലും ജലനിരപ്പ് വൻതോതിൽ ഉയരും. അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മംഗലം ഡാമിന്റെ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടിവരും. പോത്തുണ്ടിക്കും മംഗലം ഡാമിനുമൊപ്പം മലമ്പുഴ കൂടി തുറന്നാലും വൻതോതിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടിവരില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
