അജ്ഞാതസംഘം ആസിഡൊഴിച്ചെന്ന് ആദ്യ മൊഴി; വഴിവിട്ട ബന്ധം സഹിക്കാതെ ചെയ്തതെന്ന് കുറ്റസമ്മതം

മലപ്പുറം: കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരിയില്‍ ബഷീര്‍ എന്ന 52 വയസുകാരന്‍ കൊല്ലപ്പെട്ടു. മുഖത്തും നെഞ്ചിലുമായി ആസിഡൊഴിച്ച് പൊള്ളി ആദ്യം മലപ്പുത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കൊളേജിലും ചികിത്സതേടി ഒടുവില്‍ മരണത്തിന് കീഴടങ്ങി. 30 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു ബഷീര്‍.

ഏപ്രില്‍ 20 വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ബഷീറും ഭാര്യയും താമസിക്കുന്ന വാടക വീട്ടില്‍ വാതിലിന് ഒരു സംഘം തട്ടിവിളിക്കുന്നു. വാതില്‍ തുറന്നയുടന്‍ ആസിഡ് എറിഞ്ഞ് കടന്നു കളയുന്നു. ഇതായിരുന്നു ഭാര്യ സുബൈദ പൊലീസിന് നല്‍കിയ മൊഴി. ആദ്യം ഈ മൊഴി വിശ്വാസത്തിലെടുത്ത പൊലീസ് അന്വേഷണം ബഷീറിന്‍റെ ലൈറ്റ് ആന്‍റ് സൗണ്ട് സ്ഥാപനത്തിലേക്ക് കേന്ദ്രീകരിച്ചു.

എന്നാല്‍ സാഹചര്യ തെളിവുകളും ആസിഡ് ഒഴിച്ച സ്ഥലവും പരിശോധിച്ചപ്പോഴാണ് പൊലീസിന് സുബൈദയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ മനസിലായത്. തുടര്‍ന്ന് സുബൈദയെ വിശദമായി ചേദ്യം ചെയ്തതോടെ അവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. അന്വേഷണത്തിലുടനീളം പൊലീസിനോട് സഹകരിച്ചിരുന്ന സുബൈദയുടെ ഓരോ മൊഴികളിലും ഉള്ള വൈരുദ്ധ്യം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

ഭര്‍ത്താവിന് പല സ്ത്രീകളോടും ബന്ധമുണ്ടായിരുന്നതായും അത് സംബന്ധിച്ച വഴക്കിനൊടുവിലാണ് കൊലപാതകമെന്നും സുബൈദ മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ ബന്ധവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പതിവായിരുന്നു. കൊല നടക്കുന്നതിന് മുമ്പുള്ള ദിവസവും ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് സുബൈദ കൊലപാതകത്തിന് പദ്ധതിയിട്ടത്. 

എന്നാല്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ പുറത്തു നിന്നുള്ള സാന്നിധ്യം കണ്ടെത്താന്‍ സാധിക്കത്തതോടെ സംശയം സുബൈദയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ആസിഡ് ലഭിച്ചത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരമില്ല. ആസിഡ് സുബൈദ തന്നെ വാങ്ങിയതാണോ മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരശോധിച്ച് വരികയാണ്.