കഴിഞ്ഞ മാസം 26നാണ് ഷിഹാബ് ഫെയ്‌സ്ബുക്കിലൂടെ ഈ പ്രവചനം നടത്തിയത്

റിയാദ്: ഈ ലോകകപ്പില്‍ ഏറെ പ്രവചനങ്ങള്‍ മലയാളികള്‍ നടത്തിയിട്ടുണ്ട്. അര്‍ജന്‍റീനയയെ ബ്രസീലിനെയും കൂടുതല്‍ സ്നേഹിക്കുന്ന മലയാളിയുടെ ഈ ലോകകപ്പിലെ പ്രവചനങ്ങളില്‍ ഏറിയ പങ്കും തെറ്റി എന്നുതന്നെ പറയാം. അത് എന്തോ ആകട്ടെ. ഇപ്പോള്‍ ഒരു മലയാളിയുടെ പ്രവചനം കേട്ട് അന്തംവിട്ട് ഇരിക്കുകയാണ് സൈബര്‍ ലോകം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍ ആണ് സെമി ഫൈനല്‍ ലൈനപ്പും ഫൈനല്‍ ലൈനപ്പുമെല്ലാം കൃത്യമായി പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26നാണ് ഷിഹാബ് ഫെയ്‌സ്ബുക്കിലൂടെ ഈ പ്രവചനം നടത്തിയത്.

വെറുതെ പ്രവചനം മാത്രമല്ല ഷിഹാബ് നടത്തുന്നത്. കൃത്യമായി കളി വിലയിരുത്തിയ ശേഷമാണ് സെമി, ഫൈനല്‍ ലൈനപ്പുകള്‍ ഷിഹാബ് പ്രവചിച്ചത്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ കളി വിലയിരുത്തലിന്റെ നിലവാരം കൂടി വ്യക്തമാക്കുന്നുണ്ട്. അതെസമയം ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്നാണ് ഷിഹാബ് പറയുന്നത്. 

അങ്ങനെ കൂടി സംഭവിച്ചാല്‍ പുതിയ പോള്‍ നീരാളിയാണ് ഇദ്ദേഹം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അര്‍ജന്‍റീന ആരാധകനായിരുന്ന ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്സീബ് എഞ്ചിനീയറിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം.