കൊല്ലം: എഴുത്തുകാരന്‍ കമല്‍സിക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം ഉടനടി പിന്‍വലിക്കുന്നതില്‍ പോലീസില്‍ ആശയക്കുഴപ്പം.  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരന് പറയാനുള്ളതു കൂടി കേട്ട ശേഷം കോടതിക്ക് മാത്രമേ തീരുമാനമെടുക്കാനാവൂയെന്നാണ് വിദഗ്ധാഭിപ്രായം. ഇതിനിടെ കമല്‍സിയും ഭാര്യയും നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി എസ്ഐക്കെതിരെ അന്വേഷണം തുടങ്ങി.

ദേശീയഗാനത്തിനെതിരെ നോവലിലൂടെ നടത്തിയെന്ന് പറയപ്പെടുന്ന പരാമര്‍ശത്തിനാണ് കമല്‍സിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.  നടപടി വിവാദമായതോടെ കമല്‍സിക്കെതിരെ ചുമത്തിയ രാജ്യദ്രോഹകുറ്റം നിലനില്‍ക്കില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടി തുടരുമെന്ന സൂചന കരുനാഗപ്പള്ളി പോലീസില്‍ നിന്ന് കിട്ടിയതായി കമല്‍സി വ്യക്തമാക്കിയിരുന്നു.'

ഈ സാഹചര്യത്തിലാണ് രാജ്യദ്രോഹകുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടിക്രമങ്ങള്‍ പോലീസിന് പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഇതിനിടെ കരുനാഗപ്പള്ളി എസ്ഐക്കെതിരെ കമല്‍സിയും ഭാര്യയും നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കമല്‍സിയുടേയും ഭാര്യയുടേയും മൊഴി പോലീസ് രേഖപ്പെടുത്തി. ജാതിപേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയാണ് കമല്‍സിയും ഭാര്യയും കരുനാഗപ്പള്ളി എസ്ഐ രജീഷിനെതിരെ  നല്‍കിയിരിക്കുന്നത്.