ദില്ലി: തൃശ്ശൂരിൽ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായർ. പ്രളയകാലത്ത് ഗരുഡ് കമാൻഡോകളുടെ ഒരു സംഘം തൃശ്ശൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. 

അന്നത്തെ ആ ദൃശ്യങ്ങൾ കാണാം. ഒപ്പം പ്രശാന്ത് നായരുമായി അന്ന് ഞങ്ങളുടെ പ്രതിനിധി നടത്തിയ അഭിമുഖവും:

കമാൻഡർ അഭിലാഷ് ടോമിയ്ക്കും സേനാമെഡൽ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന്‍ അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അഭിലാഷ്. വിദേശത്തും നാട്ടിലും ചികിത്സ. എന്നാല്‍, ആരോഗ്യം വീണ്ടെടുത്ത് ആറുമാസത്തിനുള്ളില്‍ വീണ്ടും കടലിന്‍റെ വിളികേള്‍ക്കാന്‍ അഭിലാഷ് തയ്യാറെടുക്കുകയാണിപ്പോൾ.

മുംബെയില്‍ ആയുര്‍വേദ ചികിത്സയിലാണ് അഭിലാഷ്. കുടുംബം, സേന, ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നു അദ്ദേഹം. 

അഭിലാഷ് ടോമിയെ രക്ഷിച്ചതെങ്ങനെ? ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം പറയുന്നു.