അബുദാബി: അബുദാബി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം വീണ്ടും മലയാളിക്ക്. യു.എസില്‍ ഉന്നതപഠനം നടത്തുന്ന, ദുബായിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മലപ്പുറം സ്വദേശി ഡോ.നിഷിത രാധാകൃഷ്ണ പിള്ളയ്ക്കാണ് പത്തുദശലക്ഷം ദിര്‍ഹം (17 കോടിയോളം രൂപ)സമ്മാനമടിച്ചത്. ബുധനാഴ്ച രാവിലെയാണ് നറക്കെടുപ്പ് നടന്നത്. കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയിയും തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശിയുമായ ശ്രീരാജ് കൃഷ്ണന്‍ കൊപ്പറമ്പിലാണ് ഇന്നലത്തെ നറുക്കെടുപ്പില്‍ വിജയിയായി മറ്റൊരു മലയാളിയെ തെരഞ്ഞെടുത്തത് എന്നത് മറ്റൊരു യാദൃശ്ചികതയായി.
ഇന്നലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിവിധ സമ്മാനങ്ങള്‍ നേടിയ പത്തുപേരില്‍ എട്ടുപേരും ഇന്ത്യക്കാരാണ്. ഒരാള്‍ അമേരിക്കക്കാരനും മറ്റൊരാള്‍ ബംഗ്ലാദേശിയുമാണ്. ഇതില്‍ നിഷിത അടക്കം എട്ടുപേരും ടിക്കറ്റെടുത്തത് ഓണ്‍ലൈനിലാണെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞവര്‍ഷമാണ് പീഡിയാട്രീഷ്യനായ നിഷിതയും റേഡിയോളജിസ്റ്റായ ഭര്‍ത്താവ് രാജേഷ് തമ്പിയും രണ്ടു മക്കളും സ്കോളര്‍ഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഉപരിപഠനാര്‍ഥം അബുദാബിയില്‍ നിന്ന് യുഎസിലെ ടെക്സസിലേക്ക് ചേക്കേറിയത്. യുഎസിലേക്ക് താമസം മാറിയെങ്കിലും കുറച്ചു മാസങ്ങളായി രാജേഷ് ഓണ്‍ലൈന്‍വഴി ഭാര്യയുടെപേരില്‍ ബിഗ് ടിക്കറ്റ് മുടങ്ങാതെ എടുത്തിരുന്നു.അങ്ങനെയാണ് ബിഗ് ടിക്കറ്റ് സീരീസ് 178-ലെ 058390 നമ്പറിലൂടെ നിഷിതയെ ഒന്നാംസമ്മാനം തേടിയെത്തിയത്. ലോട്ടറി അടിച്ചെങ്കിലും യുഎസ് വിട്ടുവരാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് ഇരുവരും പറഞ്ഞു.
മലപ്പുറത്ത് ഡോക്ടറായ അച്ഛന്‍ രാധാകൃഷ്ണപിള്ളയുടെ മൊബൈല്‍ഫോണ്‍ നമ്പറാണ് ടിക്കറ്റില്‍ നല്‍കിയിരുന്നത്. ഒന്നാംസമ്മാനം ലഭിച്ച വിവരം സംഘാടകര്‍ നിഷിതയുടെ അച്ഛനെയാണ് വിളിച്ചറിയിച്ചത്. മകളെ കാണാന്‍ പോയപ്പോള്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും താനും കുറച്ച് ടിക്കറ്റ് എടുത്തിരുന്നുവെന്നും എന്നാല്‍ മകളെടുത്ത ടിക്കറ്റില്‍ ഇത്രവലിയ സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും രാധാകൃഷ്ണ പിള്ള പറഞ്ഞു.
കഴിഞ്ഞ മാസമാണ് മലയാളിയായ ശ്രീരാജ് കൃഷ്ണന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 7 ദശലക്ഷം ദിര്‍ഹം(13 കോടിയോളം രൂപ) സമ്മാനമടിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യക്കാരനായ യതീന്‍ റാവത്തിനും പത്തു ദശലക്ഷം ദിര്‍ഹം ലോട്ടറി അടിച്ചിരുന്നു.
