മാസങ്ങളായി ശമ്പളം ലഭിക്കാത്തത് കൂടാതെ ഫ്ലാറ്റിലെ വെള്ളവും വെളിച്ചവും ദിവസങ്ങളായി മുടങ്ങിയതോടെ മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ കുവൈത്തില്‍ ദുരിതത്തില്‍. ഖറാഫി നാഷണല്‍ കമ്പനിയുടെ മങ്കഫിലെ നാല് ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കാണീ ഗതി.

മങ്കഫ് എതിര്‍വശത്തുള്ള കമ്പനിയുടെ നാല് ക്യാമ്പുകളിലായി താമസിക്കുന്ന 1500- പേരാണ് കടുത്ത ചൂടിലും വൈദ്യുതിയും വെള്ളവുമില്ലാതെ ഫ്ലാറ്റില്‍ കഴിയുന്നത്. കമ്പനി അധികൃതര്‍ ഫ്ലാറ്റിന് റെന്റ് നല്‍കാത്തത് കാരണം വൈദ്യുതിയും വെള്ളവും നാല് ദിവസങ്ങള്‍ക്ക് മുമ്പ് വിഛേദിച്ചത്. അതിനാല്‍, ഫ്ലാറ്റില്‍ താമസിക്കാന്‍ കഴിയാതെ ഇവര്‍ സമീപത്തുള്ള മറ്റെരു ഫ്ലാറ്റിന്റെ ഗ്രൗണ്ട് ഫ്ലാറ്റില്‍ ടേബിള്‍ ഫാനുകള്‍ ഉപയോഗിച്ചാണ് ഉച്ചസമയങ്ങളില്‍ പോലും കഴിയുന്നത്.

നേരത്തെ ഇതേ കമ്പനിയിലെ തൊഴിലാളികള്‍ ശമ്പളം ലഭ്യമല്ലാത്തതിനാല്‍ കൂട്ടത്തോടെ ഇന്ത്യന്‍ എംബസിയില്‍ എത്തി നിരവധി തവണ പരാതിയും നല്‍കിയിരുന്നു.