ഷാര്‍ജയിലെ ഇന്ത്യക്കാരുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ പേജില്‍ മലയാളികളുടെ പൊങ്കാല. 149 ഇന്ത്യന്‍ തടവുകാരെ വിട്ടയയ്‌ക്കുന്നതിനുള്ള ഷാര്‍ജ ഭരണാധികാരിയുടെ തീരുമാനം സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. കേരള സന്ദര്‍ശനം നടത്തുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ക്രിമിനല്‍ തടവുകാരല്ലാത്ത ഇന്ത്യക്കാരെ ജയില്‍മോചിതരാക്കാമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ആവശ്യം ഷാര്‍ജ ഭരണാധികാരി അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചിരുന്നു.

Scroll to load tweet…

എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ത്യക്കാരെ ജയില്‍മോചിതതരാക്കാന്‍ ഇടപെട്ടതിന് ഷാര്‍ജ ഭരണാധികാരിക്ക് നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു ട്വീറ്റും സുഷമ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റുകള്‍ക്ക് താഴെയാണ് മലയാളികള്‍ ട്രോളുകള്‍കൊണ്ട് നിറച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍കൊണ്ടാണ് ഇന്ത്യക്കാരെ ജയില്‍മോചിതരാക്കാന്‍ തീരുമാനിച്ചതെന്ന് മലയാളികള്‍ കൂട്ടമായി സുഷമ സ്വരാജിന്റെ ട്വീറ്റിന് കീഴെ കമന്റ് ചെയ്യുകയായിരുന്നു.