റാസല്‍ഖൈമ: യുഎഇയില്‍ വ്യാഴാഴ്ചയുണ്ടായ കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുന്നു. തടത്തില്‍ ജോയിയുടെ മകന്‍ ആല്‍ബര്‍ട്ട് ജോയിയെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. പൊലീസ് റെസ്ക്യൂ യൂണിറ്റും വ്യോമയാന വിഭാഗവും വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അഞ്ച് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനാണ് ആല്‍ബര്‍ട്ട് ജോയി ഖോര്‍ഫോക്കാനു സമീപമെത്തിയത്. എന്നാല്‍ പെട്ടന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വാഹനത്തില്‍ നിന്ന് കൂട്ടുകാര്‍ ചാടി രക്ഷപെട്ടെങ്കിലും ആല്‍ബര്‍ട്ട് ഒഴുക്കില്‍പ്പെട്ടു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട്.