രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനുള്ള സമർപ്പണമാണ് ചിത്രം

അബുദാബി: യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ ജൻമശതാബ്ദിക്ക് സമർപ്പണവുമായി മലയാളി യുവാവിന്‍റെ ഹ്രസ്വചിത്രം. ആറുമിനുട്ട് ദൈര്‍ഘ്യമുള്ള ഇസ്തി മാരാരിയ എന്ന ചിത്രത്തിന്‍റെ ആദ്യപ്രദർശനം അബുദാബിയിൽ നടന്നു. യുഎഇ സാംസ്കാരിക- യുവജന- സാമൂഹ്യവികസനകാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക്ക് അൽ നഹ്‌യാൻ ഇസ്തിമാരാരിയാണ് ചിത്രം പുറത്തിറക്കിയത്.

അബുദാബിയില്‍ ജോലിചെയ്യുന്ന കോഴിക്കോടുകാരനായ ഉല്ലാസ് റഹ്‌മത്ത് കോയയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാജ്യ- രാജ്യാന്തര തലങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ ഷെയ്ഖ് സായിദ് അർപ്പിച്ച ദീർഘദർശനപരമായ സേവനങ്ങൾ ഒരു അറബ് കുടുംബാന്തരീക്ഷത്തിൽ വിലയിരുത്തുന്ന ചിത്രത്തിൽ വ്യവസായ പ്രമുഖന്‍ ഡോ. ബി.ആർ. ഷെട്ടിയാണ് നായകന്‍. 

ഷെയ്ഖ് സായിദിന്‍റെ നേതൃത്വത്തിൽ സാമ്പത്തികം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ യുഎഇ നേടിയ വളർച്ചയും കഥാചിത്ര രൂപത്തിൽ ഇസ്തി മാരാരിയ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നു. ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാലനടിയും ഹ്രസ്വചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.