37 ഏഴുപേര്‍ കൊല്ലപ്പെട്ട 2006 മലേഗാവ് സ്‌ഫോടന കേസിലാണ് മുംബൈ പ്രത്യേക മകോക കോടതിയുടെ വിധി. ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്ത ഒന്പതുപേര്‍ക്കെതിരെ തെളിവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സഹായത്തോടെ നിരോധിതസംഘടന സിമിയാണ് സ്‌ഫോടനം നടത്തിയതെന്ന് കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. 

തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുകയും ചെയ്തു. 2011 ലാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്. 2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ 2006ലേയും 2008 ലേയും മലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദു വലതുപക്ഷ സംഘടനയായ അഭിനവ് ഭാരതാണെന്ന് പറഞ്ഞിരുന്നു. 

തുടര്‍ന്നാണ് അന്വേഷണം ആ വഴിക്കു നീങ്ങിയത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റേയും സി.ബി.ഐ യുടേയും അന്വേഷണറിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അറസ്റ്റിലായ ഒന്‍പത് പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും 2014 ല്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു. ഒന്പതുപേരില്‍ ഒരാള്‍ വിചാരണക്കാലയളവില്‍ മരിച്ചിരുന്നു.