ഫേസ്ബുക്ക് ഉപയോഗിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും മീ റ്റൂ പോലൊരു കഥപറയാന്‍. ഒരിക്കലെങ്കിലും അജ്ഞാതരുടെയോ എന്തിന് സുഹൃത്തിന്‍റെ തന്നെയോ മെസ്സേജുകള്‍കൊണ്ടോ കമന്‍റുകള്‍കൊണ്ടോ ഉള്ള ആക്രമണം നേരിടാത്തവരുണ്ടാകില്ല. ഇത്തരക്കാരുടെ അക്കൗണ്ടുകളും ഗ്രൂപ്പുകളും പൂട്ടിച്ചിരിക്കുകയാണ് എത്തിക്കല്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേര്‍സ്.
കേരള സർക്കാരിന്റ ഓപ്പറേഷൻ ബിഗ് ഡാഡിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് എംസിഎസിന്‍റെ കടുത്ത പ്രയോഗം. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫേക്ക് അക്കൗണ്ടുകളും അതേ അക്കൗണ്ടുകളും ഉണ്ടാക്കി വീണ്ടും ഫേസ്ബുക്കില്‍ 'തെമ്മാടിത്തര'വുമായെത്തിയവരെ തങ്ങള്‍ പൂട്ടിയെന്ന്, മല്ലു സൈബര്‍ സോള്‍ജിയേഴ്സ് പേജിലൂടെ തന്നെയാണ് ഇവര്‍ അറിയിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലും ലൈംഗികമായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളും പേജുകളുമാണ് ആക്രമിച്ചവയില്‍ മിക്കവയും. 55 ഓളം ഫേസ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളുമാണ് പൂട്ടിച്ചത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും ചാറ്റുകളും സൈബര്‍ പോരാളികള്‍ ഹാക്ക് ചെയ്തു.
ഇനിയും തുടര്‍ന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി സംഘം ഉയര്‍ത്തുന്നു. നിങ്ങളുടെ പെങ്ങന്മാര്‍ ഞങ്ങളുടെയും പെങ്ങന്മാരാണ്. അവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അനുവദിക്കുില്ലെന്നും ഹാക്ക് ചെയ്ത് അക്കൗണ്ടുകള്‍ ആക്രമിച്ചെന്ന വിവരം പുറത്തുവിട്ട് എംസിഎസ് പറഞ്ഞു.
