കൊല്‍ക്കത്ത: തന്റെ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു പോലെയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹിന്ദുവിനും മുസല്‍മാനുമിടയില്‍ വേര്‍തിരിവുണ്ടാത്താന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞ അവര്‍ തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

ലൗജിഹാദിന്റെ പേരില്‍ ബംഗാള്‍ സ്വദേശിയായ മധ്യവയസ്‌കന്‍ രാജസ്ഥാനില്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം. നമ്മുടെ സംസ്ഥാനത്തു നിന്നുള്ള ഒരാളെ രാജസ്ഥാനില്‍ ജീവനോടെ ചുട്ടെരിച്ചു. ഇനിയും എത്രകാലം ഇതൊക്കെ നമ്മുക്ക് അനുവദിച്ചു കൊടുക്കാനാവും. രാജസ്ഥാനില്‍ കൊലപ്പെട്ടത് ഹിന്ദുവോ മുസ്ലീമോ എന്നെനിക്ക് അറിയേണ്ട കാര്യമില്ല. ബംഗാളില്‍ ഹിന്ദുകളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാന്‍ നമ്മള്‍ സമ്മതിക്കില്ല. ക്രിസ്ത്യന്‍സിനേയും സിഖുകരേയും വിഭജിക്കാന്‍ നാം അവസരം കൊടുക്കില്ല.... കൊല്‍ക്കത്തയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ മമത പറഞ്ഞു. 

ബംഗാളിലെ ജനങ്ങള്‍ തൊഴില്‍ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുകയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ പ്രസ്താവനയ്ക്കും യോഗത്തില്‍ മമത മറുപടി നല്‍കി. ബംഗാളിലെ ആളുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെയുള്ളവര്‍ ഇങ്ങോട്ട് വരുന്നതും പതിവാണെന്ന് മമത പറഞ്ഞു. രാജസ്ഥാനില്‍ നിന്നും വന്ന നമ്മുടെ സഹോദരീസഹോദരന്‍മാരോട് ബംഗാള്‍ വിട്ടു പോകണമെന്ന് നമ്മുക്ക് പറയുവാന്‍ സാധിക്കുമോ....മമത ചോദിച്ചു.