താക്കൂർ ന​ഗർ: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ ബിജെപിയോട് പ്രകടിപ്പിക്കുന്ന സ്നേഹം കണ്ട് മമത ബാനർജി പരിഭ്രാന്തയാണെന്നും മോദി പറയുന്നു. ബം​ഗാളിൽ ബിജെപിയുടെ പ്രചരണ പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു മോദി. 

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് വാ​ഗ്ദാനം നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച പൗരത്വ അവകാശ ബില്ലിനെ പിന്തുണയ്ക്കാനും മോദി ആവശ്യപ്പെട്ടു. മതപീഡനം മൂലം പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ചിതറിപ്പോയ അമുസ്ലിമുകളിൽ പലരും സ്വദേശത്തേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനെക്കുറിച്ചും മോദി പരാമർശിച്ചു.

പിന്നാക്കവിഭാ​ഗത്തിൽ ഉൾപ്പെട്ട മതുവാ സമുദായത്തിന്റെ പരിപാടിയിലായിരുന്നു മോദിയുടെ പ്രസം​ഗം. ''എന്തിനാണ് 'ദീദി'യും അവരുടെ പാർട്ടിയും ബിജെപിയ്ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. ജനങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് അവർ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതും.'' മോദി പറഞ്ഞു,

കഴിഞ്ഞ ദിവസത്തെ ഇടക്കാല ബജറ്റിനെ ചരിത്രപരമായ ചുവടുവയ്പ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കർഷകരുടെയും മധ്യവർ​ഗത്തിന്റെയും തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.