ജംഷദ്‌പൂര്‍: ഒമ്പത്‌ വയസ്സുകാരിയായ അന്തരവളെ ബലാത്സംഗം ചെയ്‌ത യുവാവിനെ ഗ്രാമവാസികള്‍ അടിച്ചു കൊന്നു. ‍ജാർഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്‌ഭാം ജില്ലയിലുള്ള കാര്‍ലാജോരി എന്ന ഗ്രാമത്തിലാണ്‌ സംഭവം. വെള്ളിയാഴ്‌ച്ച രാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒമ്പത്‌ വയസ്സുകാരിയെ 21കാരനായ അമ്മാവന്‍ ബലാത്സംഗത്തിന്‌ ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ രോഗവസ്ഥയിലുള്ള കുട്ടിയുടെ അമ്മുമ്മ ഉണ്ടായിരുന്നുവെന്ന്‌ പൊലീസ്‌ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ നില വിളിക്കേട്ട് ഗ്രാമവാസികള്‍ സ്ഥലത്ത്‌ എത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ  കൈയ്യേടെ പിടികൂടുകയും തടികൾ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ്‌ സ്ഥലത്തെത്തിയ പൊലീസ് അബേധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ വൈദ്യപരിശോധനക്ക്‌ വിധേയാക്കിയതായി പൊലീസ്‌ അറിയിച്ചു.