പക്ഷികളുടെ പടവുമെടുത്തു നടക്കുന്ന ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പൗലോസിന്റെ വേട്ടച്ചിത്രങ്ങള്‍ പകര്‍ത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തു. വെടിയിറച്ചിയുമായി വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വന്നു. പിന്നെ അറസ്‌റ്റായി, റിമാന്റായി, ജയിലായി. ഒരു ക്യാമറ കൊടുത്ത പണിയേ!
ഇത് രണ്ട് ഫോട്ടോകളുടെ കഥയാണ്. ആദ്യ ഫോട്ടോ സിനിമാ സ്‌റ്റൈലിലാണ്. വെള്ള നിറമുള്ള കാറില്‍ നിന്ന് കയ്യിലൊരു തോക്കുമായി ഒരു മധ്യവയസ്‌കന്‍ ഇറങ്ങുന്നു. സഹായിയുമായി പാടത്തേയ്ക്ക് നടക്കുന്നു. ഒരു പക്ഷിയെ വെടിവച്ചു വീഴ്ത്തി, ചിറകില്‍ തൂക്കിയെടുത്ത് കാറില്‍ കയറി സ്‌റ്റൈലായി വീട്ടില്‍പോകുന്നു.

അടുത്ത ഫോട്ടോയിലും അതേ ആള്‍ തന്നെയാണ്. പക്ഷേ, പാടത്തല്ല നില്‍പ്പ്. ഫോറസ്റ്റ് സ്‌റ്റേഷനിലാണ്. രണ്ട് കയ്യിലും തോക്കുണ്ട്. മുന്നില്‍, വെടിവച്ച് വീഴ്ത്തിയ പക്ഷിയുടെ ഇറച്ചിയും. ആദ്യ ചിത്രത്തിലെ ഗ്ലാമര്‍ ഒന്നും ഇതിലില്ല. തല കുനിഞ്ഞ് നില്‍പ്പാണ് കക്ഷി. അറസ്റ്റിലായുള്ള നില്‍പ്പാണ്. റിമാന്റിലായി ജയിലിലില്‍ പോവുന്നതിനു മുമ്പുള്ള സ്ഥിതി!

കഥാനായകന്റെ പേര് പൗലോസ്. റാന്നി മല്ലപ്പിള്ളി സ്വദേശിയാണ്. പതിവുപോലെ ഞായറാഴ്ച ആഘോഷമാക്കാന്‍ തോക്കുമായി ഇറങ്ങിയതായിരുന്നു പൗലോസ്. പക്ഷികളുടെ പടവുമെടുത്തു നടക്കുന്ന ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പൗലോസിന്റെ വേട്ടച്ചിത്രങ്ങള്‍ പകര്‍ത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തു. വെടിയിറച്ചിയുമായി വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വന്നു. പിന്നെ അറസ്‌റ്റായി, റിമാന്റായി, ജയിലായി. ഒരു ക്യാമറ കൊടുത്ത പണിയേ!
ഞായറാഴ്ച ഉച്ചയോടെയാണ് പൗലോസും സഹായിയായ മറ്റൊരാളും ചേർന്ന് ചെങ്ങരൂർ നടയ്ക്കൽ പാടത്ത് നിന്നും ഈ പക്ഷിയെ പിടിക്കുന്നത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ക്യാമറയിലാക്കിയത്. പൗലോസും സഹായികളും വന്നിറങ്ങുന്നതും പക്ഷിയെ വെടി വച്ച് പിടിക്കുന്നതും ഫോട്ടോ സഹിതം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.
''ഞങ്ങൾക്ക് ലഭിച്ച ഫോട്ടോകളിൽ കാറിന്റെ നമ്പറും ഉൾപ്പെട്ടിരുന്നു. അപ്പോൾ തന്നെ വിലാസം കണ്ടെത്തി പൗലോസിന്റെ വീട്ടിലെത്തി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം അയാളുടെ വീട്ടിലെത്തി തോക്കും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വെടിയിറച്ചിയും ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൗലോസ് ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റിലാണ്.'' ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അദീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ലൈസൻസുള്ളതും ഇല്ലാത്തതുമായ രണ്ട് തോക്കുകൾ പൗലോസിന്റെ പക്കൽ നിന്ന് കണ്ടെടുത്തതായും വനംവകുപ്പ് അധികൃതർ പറഞ്ഞു. പാടശേഖരങ്ങളിൽ നിന്ന് പക്ഷികളെ ഇറച്ചിയ്ക്കായി വേട്ടയാടുന്നത് ഗുരുതരമായ കുറ്റമാണ്. വൈൽഡ് ലൈഫ് നിയമപ്രകാരം ജാമ്യം കിട്ടാൻ പ്രയാസമുള്ള വകുപ്പാണ് പൗലോസിന് മേൽ ചുമത്തിയിരിക്കുന്നത്. ഇവർ വേട്ടയ്ക്കായി എത്തിച്ചേർന്ന കാറും വനംവകുപ്പ് അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയായ ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കാനുണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും റേഞ്ച് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
കേരളത്തിലെ തണ്ണീർത്തടങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പക്ഷിയാണ് ചായമുണ്ടി എന്ന പർപ്പിൾ ഹെറോൺ. ഹെറോൺ കുടുംബത്തിലെ ഏറ്റവും മനോഹരിയായ പക്ഷി കൂടിയാണിത്. ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി നേരിടുന്നത് മൂലം ഇവ എണ്ണത്തിൽ കുറവാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
