അടൂര്‍: തലയ്ക്കടിയേറ്റ് അച്ഛന്‍ മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പൊങ്ങലടി മാമ്മൂട് ഉടയാന്‍മുകളില്‍ പൊടിയന്‍ (70) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ മകന്‍ കുട്ടപ്പനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 22-ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലിലാണ് പൊടിയനെ കണ്ടത്. പൊടിയന്റെ തലയില്‍ വലിയ മുറിവുണ്ടായിരുന്നു. വീടിനുള്ളില്‍ രക്തം ഒലിച്ച് കിടന്നിരുന്നു. 20-ന് വൈകീട്ട് കുട്ടപ്പനും കുടുംബവും അമ്മ ചെല്ലമ്മയുടെ വീട്ടിലേക്ക് പോയതായും 22-ന് തിരികെ വന്നപ്പോഴാണ് അച്ഛന്‍ മരിച്ചുകിടക്കുന്നത് കണ്ടതെന്നുമാണ് കുട്ടപ്പന്‍ പോലീസിനോട് പറഞ്ഞത്. 

എന്നാല്‍, മുറിവില്‍ സംശയം തോന്നിയ പോലീസ് മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മറിഞ്ഞുവീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക മുറിവല്ല ഇതെന്നും എന്തെങ്കിലും കൊണ്ട് ആക്രമിക്കുമ്പോഴുണ്ടാകുന്ന മുറിവാണെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഭാര്യയുമായി 25 വര്‍ഷമായി പിണക്കത്തിലായതിനാല്‍ അവര്‍ അവരുടെ വീട്ടിലാണ്. മകന്റെ കൂടെ കഴിയുകയാണെങ്കിലും ഒറ്റമുറിയില്‍ ആഹാരം സ്വയം പാകംചെയ്യുകയായിരുന്നു പൊടിയന്‍. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലനടത്തിയത് കുട്ടപ്പനാണെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്. 

അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ജോസ്, പന്തളം ഇന്‍സ്പെക്ടര്‍ ഇ.ഡി.ബിജു, കൊടുമണ്‍ എസ്.ഐ. ആര്‍.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കുട്ടപ്പന്റെ ഭാര്യ അംബിക, മൂന്ന് മക്കള്‍ എന്നിവരെ ശാസ്ത്രീയമായി ചോദ്യംചെയ്താണ് തെളിവുകള്‍ കണ്ടെത്തിയത്. ജനുവരി 20-ന് കുടുംബ ഓഹരി സംബന്ധിച്ച് അമ്മ ചെല്ലമ്മയുമായി കുട്ടപ്പന്‍ സംസാരിച്ചിരുന്നു. അമ്മ സമ്മതിച്ചെങ്കിലും പൊടിയന്‍ സമ്മതിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുകയും തുടര്‍ന്ന് രാത്രിയില്‍ അച്ഛനുമായി തര്‍ക്കം ഉണ്ടാകുകയും വിറകെടുത്ത് തലയില്‍ അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.