ആള്‍ക്കൂട്ടം കൊല കൂട്ടുനിന്ന പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം
ലക്നൗ: പൊലീസ് നോക്കി നില്ക്കെ, പശുക്കടത്ത് ആരോപിച്ച് ഒരാളെ ആള്ക്കൂട്ടം ആക്രമിച്ച സംഭവത്തില് മാപ്പ് ചോദിച്ച് ഉത്തര്പ്രദേശ് പൊലീസ്. പൊലീസിന്റെ സാന്നിദ്ധ്യത്തില് ആള്ക്കൂട്ടം ഒരാളെ അതിക്രൂരമായി ആക്രമിക്കുന്നതിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു. ഇതേ തുടര്ന്നാണ് മാപ്പുപറഞ്ഞ് ഉത്തര്പ്രദശ് ഡിജിപി പത്രക്കുറിപ്പ് ഇറക്കിയത്. അതേസമയം ആക്രമണം നോക്കി നിന്ന മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയതായും ഡിജിപി അറിയിച്ചു.
ആംബുലന്സിന്റെയോ മറ്റ് വാഹനങ്ങളുടെയോ അഭാവം മൂലമാണ് ആക്രമിക്കപ്പെട്ടവരെ ചിത്രത്തില് കാണുന്ന രീതിയില് കൊണ്ടു പോകേണ്ടി വന്നത്. എന്നാല് പൊലീസുകാര് കൂടുതല് ഉത്തരവാദിത്വപരമായി പെരുമാറേണ്ടിയിരുന്നുവെന്നും ഡിജിപി പറഞ്ഞു.
ഖ്വാസിം എന്ന 45 കാരന് പശുവിനെ കശാപ്പു ചെയ്തുവെന്ന് ആരോപിച്ചാണ് ആള്ക്കൂട്ടം ഇയാളെ തെരുവിലിട്ട് ആക്രമിച്ചതും വലിച്ചിഴച്ചതും. ആക്രമണത്തിനൊടുവില് ഖ്വാസിം കൊല്ലപ്പെട്ടു. ഇതെല്ലാം നോക്കി നിന്ന പൊലീസ് ആള്ക്കൂട്ടത്തെ പിടിച്ച് മാറ്റി അയാളെ രക്ഷിക്കാനോ ഖ്വാസിമിനെ ആശുപത്രിയിലെത്തിക്കാനോ തയ്യാറായില്ല. ഖ്വാസിമിനൊപ്പം ആക്രമിക്കപ്പെട്ട സമായുദ്ദീന് ഇപ്പോഴും ചികിത്സയിലാണ്.
അതേസമയം സംഭവത്തില് കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനങ്ങള് തമ്മില് കൂട്ടിയിടിച്ച് ഉണ്ടായ തര്ക്കമാണെന്നാണ് ആദ്യം പറഞ്ഞത്. ആക്രമണത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലാണ്. ആക്രമണത്തിനിടെ നിലത്തുവീഴുന്ന ഖ്വാസിമിനെ രക്ഷിക്കാനോ വെള്ളം നല്കാനോ ആരും തയ്യാറാകുന്നില്ലെന്ന് ദൃശ്യങ്ങളില് വ്യക്തം. പശുക്കടത്ത് ആരോപിച്ചാണ് ആക്രമിച്ചതെന്ന് ആക്രമിക്കപ്പെട്ട സമായുദീന്റെ കുടുംബം മൊഴി നല്കിയിട്ടുണ്ട്.
