ചണ്ഡിഗഡ്: വിവാഹം കഴിക്കാനെന്ന വ്യാജേനെ രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കി വാങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം തുടര്‍ച്ചയായി പീഡിപ്പിച്ച യുവാവും അമ്മയും അറസ്റ്റില്‍. സന്ദീപ്, അമ്മ ശകുന്തള എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ബിവാനിയിലാണ് സംഭവം. 

ഇവരുടെ ക്രൂരത സഹിക്കാനാകാതെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷപ്പെടാനായി ഒഡീഷ സ്വദേശിയായ പെണ്‍കുട്ടി സന്ദീപിന്‍റെ വീടിന്‍റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇത് കണ്ട അയല്‍വാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. 

ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് അമ്മാവനാണ് പെണ്‍കുട്ടിയെ ഒഡീഷയില്‍നിന്ന് ഹരിയാനയിലെത്തിച്ചത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റി കുട്ടിയെ ശകുന്തളയ്ക്ക് വില്‍ക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ നല്‍കിയ വിവരം പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്. 

പെണ്‍കുട്ടിയുടെ സമ്മതമില്ലാത ബലപ്രയോഗത്തിലൂടെ സന്ദീപ് അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് കുട്ടിയെ വിവാഹം ചെയ്തു. പിന്നീട് വീട്ടില്‍ വച്ച് രണ്ട് മാസത്തോളം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു. സന്ദീപിനും അമ്മയ്ക്കുമെതിരെ ബാലവിവാഹം നിരോധന നിയമം, പോക്സോ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.