മുംബൈ: മുന്‍ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പീഡപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫൈസല്‍ സൈഫി (23)യെയാണ് മഹാരാഷ്‌ട്ര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മഹാരാഷ്ട്രയിലെ പൽഹർ ജില്ലയിലാണ് സംഭവം. ഫെബ്രുവരി പത്ത് രാത്രി മുതല്‍ പിറ്റേദിവസം പുലര്‍ച്ചവരെ 21കാരിയായ യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. 

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; 2017 മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ അടുത്തകാലത്ത് യുവതി പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കാമുകനോട് ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ യുവാവ് പ്രണയത്തിലായിരുന്നപ്പോൾ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷത്തെ ദൃശ്യങ്ങള്‍ കാണിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യാൻ തുടങ്ങി. ശേഷം യുവതിയുടെ ആവശ്യപ്രകാരം വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് യുവാവ് പറയുകയും അതിനായി യുവതിയെ കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതി ഫോണില്‍ വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്നാണ് യുവതിയെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പീഡപ്പിച്ചത്.

ശേഷം ഫെബ്രുവരി 11 ന് രാവിലെയാണ് യുവതിയെ ഹോട്ടല്‍ മുറിയില്‍നിന്ന് പോകാന്‍ അനുവദിച്ചത്. തുടർന്ന് യുവതി പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.