ഇംഗ്ലണ്ടിലെ കെന്‍റിലുള്ള ഒരു പ്രാദേശിക ചാനലിന്‍റെ ലൈവിനിടെ കുടുങ്ങിയത് ഒരു കള്ളന്‍. ലൈവ് നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്

കെന്‍റ്: ഇംഗ്ലണ്ടിലെ കെന്‍റിലുള്ള ഒരു പ്രാദേശിക ചാനലിന്‍റെ ലൈവിനിടെ കുടുങ്ങിയത് ഒരു കള്ളന്‍. ലൈവ് നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്. ഇവിടെയുള്ള ഒരു വീട്ടിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ദമ്പതികളെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവര്‍ക്കും കോടതി ശിക്ഷ വിധിച്ചത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള ഒരു ഔഷധം തയ്യാറാക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഇപ്രകാരം ചെയ്തതെന്നാണ് കോടതിയില്‍ ഇവര്‍ വാദിച്ചത്. ഇതിനെ തുടര്‍ന്ന് കോടതി ഇവര്‍ക്ക് 22 മാസം തടവു ശിക്ഷയ്ക്ക് വിധിച്ചു. ഇതിനെ തുടര്‍ന്ന് ഈ കുടിലിന് മുമ്പില്‍ വെച്ച് റിപ്പോര്‍ട്ടര്‍ കേസിന്‍റെ ചരിത്രം പറഞ്ഞു കൊണ്ട് ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ്‌ ഒരു യുവാവ് കഞ്ചാവ് ചെടിയുമായി കൂളായി ആ വഴിക്ക് വന്നത്. 

അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയ യുവാവ് ഞെട്ടി. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലെ കഞ്ചാവ് ചെടികളിലെ അവശേഷിച്ചവയില്‍ നിന്നും അടിച്ച് മാറ്റി കൊണ്ടു വരുന്നയായിരുന്നു ഇവ. ക്യാമറ മുന്നില്‍ കണ്ടതോടെ യുവാവ് കുടുങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഇയാള്‍ കഞ്ചാവ് ചെടിയുമെടുത്ത് ഓടി. യുവാവിന്‍റെ കയ്യിലുള്ളത് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പിക്കാന്‍ പറ്റിയ തെളിവുകള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ പൊലീസിന് കേസൊന്നും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. എന്നാലും സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.