രാജ്യം നേരിടുന്ന സാന്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തനിക്കാവുമെന്നും പ്രധാനമന്ത്രിയാക്കിയാല്‍ ആറ് മാസം കൊണ്ട് പാകിസ്താന്‍റെ എല്ലാ കടങ്ങളും തീര്‍ക്കുമെന്നും അവകാശപ്പെട്ടാണ് ഇയാള്‍  മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറിയത്.

ഇസ്ലാമാബാദ്: തന്നെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിൽ വലിഞ്ഞു കയറിയ പാകിസ്താൻ പൗരൻ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു. രാജ്യം നേരിടുന്ന സാന്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തനിക്കാവുമെന്നും ആറ് മാസം കൊണ്ട് പാകിസ്താന്‍റെ എല്ലാ കടങ്ങളും തീര്‍ക്കുമെന്നും അവകാശപ്പെട്ടാണ് ഇയാള്‍ പ്രധാനമന്ത്രി പദവി തേടി മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറിയത്.

പാകിസ്താനിലെ സര്‍ഗോദ മേഖലയില്‍ നിന്നുള്ള ആളാണ് ഇയാളെന്നാണ് പാകിസ്താൻ മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഉള്ള ഒരു മൊബൈല്‍ ടവറിലാണ് പാകിസ്താന്‍ ദേശീയപതാകയുമായി ഇയാള്‍ വലിഞ്ഞു കയറിയത്. സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടോ സര്‍ഗോദയിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനോടോ മാത്രമേ സംസാരിക്കൂ എന്നായിരുന്നു ഇയാളുടെ നിലപാട്. എന്തായാലും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെ ഇറക്കിയ ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.