ഔറംഗബാദ്: ഭാര്യയുടെ പീഡനം സഹിക്കാന്‍ സാധിക്കാതെ  യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഔറംഗബാദിലെ ശിവാജി നഗറിലാണ് സംഭവം. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന യുവാവാണ് ഭാര്യയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. ഭാര്യയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കുന്ന യുവാവിന്റെ ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.

ഈ വര്‍ഷം ആഗസ്റ്റിലാണ് അഭയ് വിവാഹിതനായത്.  കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇരുവരും തമ്മില്‍ ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ചെറിയ കാര്യങ്ങള്‍ക്ക് ഭാര്യ വളരെയധികം ദേഷ്യപ്പെടുകയും തന്നോട് വഴക്കിടുകയും ചെയ്യുമായിരുന്നെന്നും മാനസ്സികമായി തളര്‍ത്തുന്ന വാക്കുകള്‍ പറയുമായിരുന്നുവെന്നും അഭയ്‍യുടെ  ആത്മഹത്യ കുറിപ്പില്‍ പറയുന്നു. 

അഭയ്‍യുടെ സഹോദരന്‍ അമോല്‍ അരവിന്ദ് ദേശ്മുഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഭാര്യയുടെ ചൂഷണത്തെ തുടര്‍ന്ന് പൂനെയില്‍ 35കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടർന്ന് ഭാര്യ വഴക്കിട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിരുന്നു.