അനന്തപ്പുര്‍: വിവാഹമോചനത്തിന്‍റെ കോടതി വാദം കഴിഞ്ഞ് മടങ്ങുകയായിരുന്ന 35 കാരനെതിരെ കഠാര ആക്രമണം. കഴുത്തിന് പിന്നില്‍ കത്തി കയറിയ വെങ്കിട്റാം പ്രസാദ് എന്ന വ്യക്തിയുടെ നില ഗുരുതരമാണെന്നാണ് പോലീസ് പറയുന്നത്.
അനന്തപ്പുരിലെ കോവൂര്‍ നഗര്‍ സ്വദേശിയായ ഇയാള്‍ ഒരു എല്‍ഐസി ഏജന്‍റായിരുന്നു. ധര്‍മ്മവാരത്ത് സേവനം അനുഷ്ഠിച്ചിരുന്ന ഇയാള്‍ ആറ് വര്‍ഷം മുന്‍പ് ഇവിടെ നിന്ന് കല്ല്യാണി എന്ന യുവതിയെ വിവാഹം കഴിച്ചു. എന്നാല്‍ ഒരു മാസത്തിന് ശേഷം ഇവര്‍ പിരിഞ്ഞു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് വിവാഹമോചന അപേക്ഷ കോടതിയില്‍ നല്‍കുകയായിരുന്നു.
ഇതിന്‍റെ വാദം പൂര്‍ത്തിയായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുകയായിരുന്നു വെങ്കിട്. ധര്‍മ്മവാരത്തെ എംഎല്‍എയും മന്ത്രിയുമായ കലുവ ശ്രീനിവാസലുവിന്‍റെ വീട്ടിന് അടുത്ത് എത്തിയപ്പോല്‍ മൂന്ന് അംഗ സംഘം ഇയാളെ ആക്രമിച്ച് കഴുത്തിന് പിന്നില്‍ കുത്തുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടു.
പിന്നീട് വെങ്കിടിനെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വിവാഹ മോചന കേസ് നടക്കുന്നതിനാല്‍ ഭാര്യയ്ക്ക് നല്‍കേണ്ടിവരും എന്ന ഭയത്തില്‍ വെങ്കിട് തന്‍റെ പേരിലുള്ള 6 കോടി വിലവരുന്ന സ്ഥലം സഹോദരന്‍റെ പേരില്‍ മാറ്റിയിരുന്നു. ഇതിന്‍റെ പേരില്‍ ഇയാളും സഹോദരനും തമ്മില്‍ തര്‍ക്കമുണ്ട്.
അതിനാല്‍ തന്നെ പോലീസ് ഇയാളുടെ സഹോദരനെ സംശയിക്കുന്നുണ്ട്. ഭാര്യയുടെ കുടുംബക്കാരും നിരീക്ഷണത്തിലാണെന്നാണ് പോലീസ് പറയുന്നത്.
