പറ്റ്‌ന: പാവപ്പെട്ടവര്‍ക്ക് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള ധനസഹായം 42 തവണ ഒരാള്‍ തട്ടിയെടുത്തു. ബീഹാറിലെ വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ ഗ്രാമത്തിലെ യോഗേശ്വര്‍ ചൗധരിയാണ് ഇത്ര വലിയ സാഹസത്തിന് മുതിര്‍ന്നത്. സ്വന്തം വീട്ടില്‍ ഇയാള്‍ 42 തവണ കക്കൂസുകള്‍ നിര്‍മിച്ചതായാണ് രേഖകള്‍ പറയുന്നത്. പല തിരിച്ചറിയല്‍ രേഖകളിലുള്ള വ്യത്യസ്ഥമായ പേരുകള്‍ ഉപയോഗിച്ച് വ്യാജ അപേക്ഷകള്‍ തയ്യാറാക്കിയാണ് പണം പിടുങ്ങിയത്.
പാവപ്പെട്ട 42 പേര്‍ക്കു ലഭിക്കേണ്ട മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തു. വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അപേക്ഷകള്‍ നല്‍കിയാണ് 3,49,600 രൂപ ഇയാള്‍ കൈക്കലാക്കിയത്. നിരവധി പേര്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ രോഹിത് കുമാര്‍ പറയുന്നത്. ഇതേ ഗ്രാമത്തിലെ തന്നെ സ്വദേശിയായ വിശ്വേശ്വര്‍ രാം എന്നയാള്‍ പത്ത് തവണയാണ് സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മാണത്തിനായി പണം വാങ്ങിയത്. ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ നേടിയത്.
2015ലാണ് രണ്ട് പേരും പണം തട്ടിയത്. വലിയ തോതില്‍ തിരിമറി നടന്നിട്ടുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വൈശാലി ജില്ലാ മജിസ്‌ട്രേറ്റിന് പരാതി ലഭിച്ചിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവരുടെ വീടുകളില്‍ കക്കൂസ് നിര്‍മിക്കുന്നതിന് 12,000 രൂപ വീതമാണ് ബിഹാര്‍ സര്‍ക്കാര്‍ നല്‍കുന്നത്.
