ഫ്രാങ്ക്ഫര്‍ട്ട: പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു. ഉടമയ്ക്ക് സ്വന്തം കാര്‍ തിരികെ കിട്ടിയത് 20 വര്‍ഷത്തിന് ശേഷം. ഫ്രാങ്ക്ഫര്‍ട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്. 1997 ല്‍ പാര്‍ക്ക് ചെയ്ത 76 കാരനായ ജര്‍മന്‍ സ്വദേശിക്കാണ് 20 വര്‍ഷത്തിന് ശേഷം കാര്‍ തിരികെ ലഭിച്ചത്.

അന്ന് തന്‍റെ കാറിനെ കുറിച്ച് അനേഷിച്ചെങ്കിലും പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയതിനാല്‍ തിരികെ ലഭിച്ചില്ല. കാര്‍ മോഷണം പോയതാണെന്ന് കരുതി 56 കാരന്‍ അന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കാറിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

എന്നാല്‍ അടഞ്ഞുകിടന്ന ഒരു വ്യവസായിക കെട്ടിടത്തിന്‍റെ പാര്‍ക്കിംഗില്‍ നിന്നാണ് കാര്‍ പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം മൂലം കെട്ടിടം പൊളിച്ചു നീക്കാനെത്തിയവരാണ് കാര്‍ കണ്ടെത്തിയത്. ഇവര്‍ കെട്ടിട ഉടമയെ വിളിച്ച് അന്വേഷിച്ചെങ്കിലും ഇയാള്‍ക്കറിയില്ലെന്ന മറുപടിയായിരുന്നു.

തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാറാണിതെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കാറുടമയെ വിവരം അറിയിച്ചു. അപ്പോള്‍ മാത്രമാണ് കാര്‍ പാര്‍ക്ക് ചെയ്തത് എവിടെയാണെന്ന കാര്യം ഉടമയ്ക്ക് ഓര്‍മ വന്നത്. കാലപ്പഴക്കം മൂലം കേടായ കാറിനെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊണ്ടുപോയത്.

 സമാനമായ സംഭവം ജര്‍മനിയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്നു മറന്നുവച്ച കാര്‍ തിരികെ കിട്ടിയത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. മദ്യപിക്കാനായി മ്യൂണിച്ചിലെ ഒരു ബാറിലെത്തിയ ആളാണ് കാര്‍ മറന്നത്.