നാട്ടുകാരായ കാശി, ശങ്കരന്‍ എന്നീ യുവാക്കള്‍ക്കെതിരെയും കണ്ടാലറിയുന്ന മൂന്നാമനെതിരെയും ആയുധമുപയോഗിച്ചുളള അക്രമമടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പരാതി. റോഡില്‍ വഴക്കുകൂടിയ രണ്ട് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചേര്‍ത്ത സ്വദേശി രതീഷിനെ വളഞ്ഞിട്ടു തല്ലിയത്. പ്രതികള്‍ ഒളിവിലാണെന്നും കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.

ഈ മാസം പതിനേഴിന് രാത്രി ഏഴു മണിക്ക് ചേര്‍ത്തല പളളിച്ചന്ത ഓട്ടോ സ്റ്റാന്‍ഡ് പരിസരച്ച് വച്ചാണ് രതീഷ് എന്ന 41കാരനെ 25 വയസില്‍ താഴെ മാത്രം പ്രായമുളള മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഈ വിധം മര്‍ദിക്കുന്നത്. ഓടുകൊണ്ട് എറിഞ്ഞു. നിലത്തിട്ട് ചവിട്ടി. ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബ്രയിന്‍ ട്യൂമര്‍ ബാധിതനായ താൻ മരുന്ന് വാങ്ങി മടങ്ങും വഴി രണ്ട് ചെറുപ്പക്കാര്‍ വഴക്കിടുന്നത് കണ്ട് തടയാന്‍ ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരനായ യുവാക്കള്‍ മറ്റൊരാളെ കൂടി സ്ഥലത്തേക്ക് വിളിച്ചു വരുത്തി തന്നെ മര്‍ദിക്കുകയായിരുന്നെന്നുമാണ് രതീഷും കുടുംബവും പറയുന്നത്. നാട്ടുകാരായ കാശി, ശങ്കരന്‍ എന്നീ യുവാക്കള്‍ക്കെതിരെയും കണ്ടാലറിയുന്ന മൂന്നാമനെതിരെയും ആയുധമുപയോഗിച്ചുളള അക്രമമടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

ഏഴു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് രതീഷിന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. എന്നാല്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്നും മൂവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ പറഞ്ഞു. വൈകാതെ മൂവരും പിടിയിലാകുമെന്നും ചേര്‍ത്തല പൊലീസ് അവകാശപ്പെട്ടു.

യുവാവിനെ റോഡിലിട്ട് തല്ലിയ സംഭവം; പ്രതികളെ പിടൂകൂടാതെ പൊലീസ്| Alappuzha | Crime news | Kerala Police