Asianet News MalayalamAsianet News Malayalam

ഏഴുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തം

man get lifeterm for killed his son
Author
First Published Aug 3, 2017, 10:27 PM IST

തൊടുപുഴ: ഏഴുമാസം പ്രായമുള്ള മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ അച്ഛനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മലയാളിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തു വര്‍ഷം കൂടി തടവ്. തൊടുപുഴ പോക്‌സോ കോടതിയുടേതാണ് വിധി. മധ്യപ്രദേശ് സ്വദേശി സമീറുദീമാണ് ശിക്ഷ അനുഭവിക്കേണ്ടത്.

2011 ഫെബ്രുവരി ഏഴിന് നെടുങ്കണ്ടത്താണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശ് ബ്യാവര സ്വദേശി സമിറുദ്ദീനാണ് മകനെ കൊലപ്പെടുത്തുകയും ഭാര്യയുടെ തലക്ക് ചപ്പാത്തിപ്പലക കൊണ്ടു അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. നെടുങ്കണ്ടം ചേമ്പളം സ്വദേശി റിനീസിനാണ് പരുക്കേറ്റത്. മകന്‍ ആദിലാണ് മരിച്ചത്. റിനീസ് മധ്യപ്രദേശിലെ നഴ്‌സിംഗ് പഠനത്തിനിടെയാണ് സമിറുദ്ദീനെ പരിചയപ്പെട്ടത്  തുടര്‍ന്ന് ഇരുവരും വിവാഹിതരായി അവിടെ താമസിക്കുകയായിരുന്നു. കുറച്ചു കാലത്തിനു ശേഷം ഇരുവരും റിനീസിന്റെ നാടായ നെടുങ്കണ്ടത്തെത്തി. തിരികെ പോകണമെന്ന് സമിറുദ്ദീന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും സമിറുദ്ദീന്റെ മാതാവിന്റെ സമീപനം ഭയന്ന് തിരികെ പോകാന്‍ റിനീസ് മടിച്ചു. ഒടുവില്‍ സഹോദരിയുടെ വിവാഹത്തിനു ശേഷം പോകാമെന്ന് സമ്മതിച്ചു. ഇതിനിടെ സംഭവ ദിവസം ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. കുഞ്ഞിനെ കുളിപ്പിച്ച് തിരികെയെത്തിയപ്പോള്‍ സമിറുദീന്‍ ആക്രമിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം വഴിയിലൂടെ നടന്നു പോയ സമിറുദ്ദീന്റെ വസ്ത്രത്തില്‍ രക്തം കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.  ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ നെടുങ്കണ്ടത്ത് വാഹനം ഓടിക്കുകയായിരുന്നു. മറ്റൊരു വിവാഹവും കഴിച്ചു. തൊടുപുഴ പോക്‌സോ കോടതിയാണ് സമിറുദ്ദീന് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും കൊലപാതക ശ്രമത്തിന് പത്തു വര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. രണ്ടു കേസ്സുകളിലും പതനായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.