ന്യൂഡൽഹി: ബീഫിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രെയിൻ യാത്രക്കാരനെ സഹയാത്രികർ കുത്തിക്കൊന്നു. ഹരിയാനയിലാണ് സംഭവം. ബല്ലഭ്ഗട്ട് സ്വദേശിയായ ജുനൈദാണ് മരിച്ചത്. സഹോദരൻമാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തിൽ പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ഹരിയാനയിലെ ബല്ലഭ്ഗട്ടിലേക്കുള്ള യാത്രക്കിടെ ഓഖ്ലയിൽ വെച്ചായിരുന്നു സംഭവം.
ഈദിനോടനുബന്ധിച്ച് ഡൽഹിയിൽ നിന്ന് സാധനങ്ങള്‍ വാങ്ങി ഗാസിയാബാദ്- ഡൽഹി- മഥുര ട്രെയിനില്‍ മടങ്ങുകയായിരുന്നു മൂന്നു സഹോദരങ്ങളും. ഇവർ കയറിയത്. ഓഖ്ല സ്റ്റേഷനിൽ വെച്ച് പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മിൽ ബീഫിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ കൈയ്യില്‍ ബീഫുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റിനെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ചിലർ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ സർക്കാറും റെയിൽവേയും ഇത് നിഷേധിച്ചു. ബീഫ് സംബന്ധിച്ച തർക്കമല്ല സീറ്റ് തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് റെയിൽവേയുടെ ഭാഷ്യം..
പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പെച്ചെങ്കിലും ഒരാൾ മരിച്ചു. കൊല്ലപ്പെട്ട ജുനൈദിന്റെ പോസ്റ്റ്മോർട്ടം ഹരിയാനയിലെ പൽവാലയിലെ ആശുപത്രിയിൽ നടന്നു. പരിക്കേറ്റ രണ്ടു സഹോദരങ്ങളും ഗുരുതരാവസ്ഥയിലാണ്.
