കഴുത്ത് മുറിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു സംരക്ഷിക്കാൻ ആരുമില്ലെന്ന് കാരണത്താൽ
ചെന്നൈ: മാനസിക അസ്വസ്ഥതയുളള മകനെ പിതാവ് കഴുത്തറത്ത് കൊന്ന് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. മകനെ പരിചരിക്കാൻ ആരുമില്ലെന്ന കാരണത്താലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. പത്ത് ദിവസം മുമ്പ് ചൈന്നൈയിലെ തിരുവട്ടിയൂരിലെ അംബേദ്കർ നഗറിൽ താമസിക്കുന്ന നാൽപ്പത്തൊമ്പതു വയസ്സുള്ള നവാസുദ്ദീൻ ആണ് മകൻ മുഹമ്മദ് നവാസിനെ കൊലപ്പെടുത്തിയത്. ഇരുപത്തൊന്നുകാരനാണ് മുഹമ്മദ് നവാസ്.
പുലർച്ചെ നടക്കാനിറങ്ങുകയാണെന്ന വ്യാജേന നവാസുദ്ദീൻ മകനെ റെയിൽവേ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതിന് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. വീട്ടിലെത്തി കോയമ്പത്തൂരിലുള്ള കെയർ ഹോമിൽ ഏൽപ്പിച്ചു എന്നാണ് അയൽക്കാരോടും ഭാര്യയോടും പറഞ്ഞത്. ബോഡി കണ്ടെടുക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചതാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് മുറിച്ചിരിക്കുന്നതായി വ്യക്തമായി. യുവാവിന്റെ ഫോട്ടോ പ്രചരിപ്പിച്ചും അയൽവാസികളോട് അന്വേഷിച്ചുമാണ് പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
തന്റെയും ഭാര്യയുടെയും മരണശേഷം മകനെ പരിപാലിക്കാൻ ആരുമില്ലെന്ന കാര്യത്തിൽ ആശങ്കപ്പെട്ടാണ് ഇങ്ങനെ ചെയ്തെന്നാണ് നവാസുദ്ദീന്റെ വെളിപ്പെടുത്തൽ. പല സമയങ്ങളിലും മുഹമ്മദ് നവാസ് അക്രമാസക്തനാകാറുണ്ടെന്നും തന്നെയും ഭാര്യയെയും ഉപദ്രവിക്കാറുണ്ടെന്നും ഇയാൾ പറയുന്നു. ഒറ്റയ്ക്ക് ജീവിക്കുക എന്ന കാര്യം അവനെ സംബന്ധിച്ച് വളരെ ദുഷ്കരമാതയിനാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ഇവർക്ക് ഇങ്ങനെയൊരു മകൻ ഉണ്ടായിരുന്ന കാര്യം തങ്ങൾക്കറിയില്ല എന്നാണ് അയൽവാസികൾ പറയുന്നത്.
