ദില്ലി: ചപ്പാത്തിയുടെ ആകൃതി ശരിയാകാത്തതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ തൊഴിച്ച് കൊന്നു. ദില്ലിയിലെ ഹന്‍ഗിര്‍പുരിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. സിമ്രാന്‍ എന്ന 22 കാരിക്കാണ് ചപ്പാത്തിയുടെ ആകൃതിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നാലുമാസം ഗര്‍ഭിണിയായിരുന്നു യുവതി.ഇവര്‍ക്ക് 4 വയസ്സുള്ള ഒരു മകളുണ്ട്.
പിറ്റേ ദിവസം രാവിലെ സിമ്രാന്‍റെ സഹോദരനാണ് വിവരം പോലീസിനെ അറിയിക്കുന്നത്. അബോധാവസ്ഥയില്‍ കിടന്ന സിമ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂത്ത കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടിതിന് ശേഷമാണ് ഇയാള്‍ ഭാര്യയെ തൊഴിച്ച് കൊന്നത്. അമ്മ നല്ല പാചകക്കാരിയാണ്,എന്നാല്‍ ചപ്പാത്തിയുടെ ആകൃതിയെച്ചൊല്ലി ഇതിനു മുമ്പും വഴക്കുണ്ടായിരുന്നുവെന്ന് മകള്‍ പോലീസിന് മൊഴി കൊടുത്തു.
അമ്മയെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു തന്നെയെന്നും മകള്‍ പറഞ്ഞു. ഭര്‍ത്താവ് ഒളിവിലാണ്. രണ്ടുവര്‍ഷത്തോളമായി ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. അഞ്ച് വര്‍ഷം മുന്‍പേ വിവാഹിതരായവരാണിവര്‍. അതിനും ഒരു വര്‍ഷം മുന്‍പേ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിരുന്നു.
