മുംബൈ: നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ സീനിയര്‍ പദവിയിലെ ജോലിയും കൈനിറയെ പണവും മാത്രമല്ല ജീവിതമെന്ന് ഈ യുവാവ് തിരിച്ചറിയുന്നത് സഹപാഠിയുമായുള്ള ചാറ്റിങിനെ തുടര്‍ന്നായിരുന്നു. ഐഐടിയിലെ പഠനത്തിന് ശേഷം കെമിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നതിനൊപ്പം അമേരിക്കയില്‍ തുടര്‍ പഠനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നതിനിടെയാണ് ഈ ഇരുപത്തൊമ്പത്കാരന്‍ ജീവിതത്തില്‍ വേറിട്ട വഴിയില്‍ നീങ്ങുന്നത്. 

മുംബൈ സ്വദേശിയായ സങ്കേത് പരേഖാണ് സന്ന്യാസത്തിന്റെ പാതയില്‍ നീങ്ങാന്‍ തീരുമാനിച്ചത്. വൈഷ്ണവ സമുദായാംഗമായ സങ്കേതിനെ ജൈന മതത്തിലേക്ക് ആകര്‍ഷിക്കുന്നത് കോളേജിലെ മുതിര്‍ന്ന സഹപാഠിയായ ഭവിക് ഷായാണ്. 2013 ല്‍ ദീക്ഷ സ്വീകരിച്ച വ്യക്തിയാണ് ഭവിക് ഷാ. ഒരു വിശ്വാസങ്ങളേയും പിന്തുടരുന്ന ആളായിരുന്നില്ല താനെന്ന് സങ്കേത് പരേഖ് പറയുന്നു. 

സ്വന്തം കഠിനാധ്വാനം കൊണ്ട് നേടാനാവാത്തതായി ഒന്നുമില്ലെന്ന ധാരണ തെറ്റായിരുന്നെന്ന് മനസിലായതായി സങ്കേത് പറയുന്നു. മാതാപിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയെന്നത് അല്‍പം ശ്രമകരമായിരുന്നുവെങ്കിലും പിന്നീട് അവര്‍ക്ക് കാര്യങ്ങള്‍ മനസിലായെന്ന് സങ്കേത് പറയുന്നു. ജനുവരി 22ന് മുംബൈയിലെ ബോറിവലിയില്‍ നടക്കുന്ന ചടങ്ങിലാണ് സങ്കേത് ദീക്ഷ സ്വീകരിക്കുന്നത്.