ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. തടയാൻ ശ്രമിച്ച ഡോക്ടറുടെ തലയിലും കൈയിലും കാലിലും കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇടിക്കുകയായിരുന്നു.
മുംബൈ: അയൽവാസിയായ മുപ്പത്തഞ്ച് വയസ്സുള്ള ഡോക്ടറെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അറുപത്തൊന്ന് വയസ്സുകാരനായ പ്രതി ശാരീരിക കയ്യേറ്റത്തിനും ശ്രമിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തൊട്ടടുത്ത മാളിന് മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മുപ്പത്തഞ്ച് വയസ്സുള്ള ഡോക്ടർ യുവതിയാണ് ആക്രമണത്തിനിരയായത്. തലയിലും കൈയിലും കാലിലും ഗുരുതരമായി മുറിവേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഗുർഗോണിൽ ഞായറാഴ്ചയാണ് സംഭവം.
ഉന്നതർ മാത്രം താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ കെട്ടിടത്തിന്റെ ഒരേ നിലയിലായിരുന്നു ഇരുവരുടെയും ഫ്ലാറ്റുകൾ. അവിവാഹിതയായ ഡോക്ടർ പ്രായമായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. പ്രതിയായ അറുപത്തൊന്നുകാരന് ഭാര്യയും മകനുമുണ്ട്. ഡോക്ടർ ആശുപത്രിയിൽ നിന്ന് വരുന്ന സമയം നോക്കി എല്ലാ ദിവസവും പ്രതി താഴത്തെ നിലയിൽ കാത്തുനിൽക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. മാത്രമല്ല ഇവർക്കൊപ്പം ലിഫ്റ്റിൽ കയറിയാണ് മുകളിലേക്ക് വന്നുകൊണ്ടിരുന്നത്. തന്റെ അയൽവാസിയായ ഇയാൾ ഇത്തരത്തിൽ ഉപദ്രവിക്കുമെന്ന് കരുതിയതേയില്ലെന്നാണ് ഡോക്ടർ പറയുന്നത്.
ഞായറാഴ്ച പത്തരയോടെയാണ് പ്രതി ഡോക്ടറുടെ വീട്ടിലെത്തിയത്. അകത്തു കടന്ന ഇയാൾ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. തടയാൻ ശ്രമിച്ച ഡോക്ടറുടെ തലയിലും കൈയിലും കാലിലും കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇടിക്കുകയായിരുന്നു. ഡോക്ടറുടെ കരച്ചിൽ കേട്ട് മറ്റ് വീട്ടുകാർ ഓടി വന്നപ്പോഴേയ്ക്കും ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. പന്ത്രണ്ടരയോടെ തൊട്ടടുത്ത മാളിലെത്തി അവിടെ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചിരുന്നു.
