ഇന്ന് പ്രണയ ദിനമാണ്. പ്രിയപ്പെട്ടവര്‍ക്ക് പൂക്കളും സമ്മാനങ്ങളുമായി കാത്തിരിക്കുന്ന നിമിഷം. എന്നാല്‍ പ്രണയിക്കാന്‍ ആളില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന രസകരമായ ചോദ്യമാണ് എല്ലാ വാലവന്റൈന്‍സ് ദിനത്തിലും കേള്‍ക്കാറുള്ളത്. 

കാമുകനില്ലെങ്കില്‍ ഒരാള കെടമെടുക്കാം... കേട്ടാല്‍ എന്ത് ഭ്രാന്താണ് ഈ പറയുന്നതെന്ന് തോന്നും. എന്നാല്‍ ഫേസ്ബുക്കില്‍ തന്നെ സ്വയം വാടകയ്ക്ക് വച്ചിരിക്കുകയാണ് ഷാകുല്‍ എന്ന 26 കാരന്‍. വാലന്റൈന്‍സ് ദിനത്തില്‍ കാമുകന്‍ വാടകയ്ക്ക് എന്ന പോസ്റ്റില്‍ നാല് പാക്കേജുകളും നല്‍കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. ദില്ലിയിലെ ഗുരുഗ്രാമില്‍ വ്യവസായിയാണ് ഇയാള്‍.

കൈ ചേര്‍ത്ത് പിടിക്കുക, കെട്ടിപ്പിടിക്കുക, ഉമ്മ വയ്ക്കുക, ആവശ്യമുള്ളതെന്തും എന്നിങ്ങനെയാണ് പാക്കേജുകള്‍. 20 ശതമാനം ഓഫറിനായി ഉപയോഗിക്കാന്‍ പ്രൊമോ കോഡും നല്‍കിയിട്ടുണ്ട്. തന്റെ ഗുണഗണങ്ങള്‍ കൂടി വര്‍ണ്ണിച്ചാണ് ഷാകുലിന്റെ പോസ്റ്റ്. 4000ഓളം തവണയാണ് പോസ്റ്റ് ഇതുവരെ ഷെയര്‍ ചെയ്തിരിക്കുന്നത്. 

2017 ല്‍ വാലന്റൈന്‍സ് ദിനത്തിലും ഷാകുല്‍ ഇത്തരമൊരു ഓഫര്‍ നല്‍കിയിരുന്നു. ഒരു പെണ്‍കുട്ടിയ്ക്ക് തന്റെ ഓഡി കാറില്‍ യാത്രയും ഒരു പുതിയ ഐഫോണ്‍ 7 പിന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഡിന്നറുമായിരുന്നു ഓഫര്‍. 2000 പേരാണ് ഇതിനായി അപേക്ഷിച്ചതെന്ന് ഷാകുല്‍ പിന്നീട് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ മികച്ച അഞ്ച് പേരെ തെരഞ്ഞെടുക്കുമെന്നായിരുന്നു ഷാകുലിന്റെ മറുപടി.